എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ തല്ലുമാലയും അയ്യപ്പനും കോശിയുമാണ്: പറയുന്നത് 400 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ സംവിധായകന്‍
Entertainment news
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ തല്ലുമാലയും അയ്യപ്പനും കോശിയുമാണ്: പറയുന്നത് 400 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th December 2022, 6:10 pm

2022 ല്‍ തനിക്ക് ഏറ്റവും പ്രിയം തോന്നിയ ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്.

രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി ഈ ചിത്രം താന്‍ കണ്ടുവെന്നും അതിന്റെ എഡിറ്റ് ബട്ടണ്‍ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ഫിലിം മേക്കേഴ്സ് ആഡയില്‍ അനുപമ ചോപ്രയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകന്‍ ലോകേഷ്.

 

‘എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നിയ ചിത്രം തല്ലുമാലയാണ്. രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി ഈ ചിത്രം ഞാന്‍ കണ്ടു. അതിന്റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നി. അത്തരമൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നും തോന്നി. മുന്‍പ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ചും അങ്ങനെ തോന്നിയിട്ടുണ്ട്,’ ലോകേഷ് കനകരാജ് പറഞ്ഞു.

മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. അവതരണത്തിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും പ്രേക്ഷകരില്‍ തരംഗം തീര്‍ക്കാന്‍ തല്ലുമാലക്ക് കഴിഞ്ഞിരുന്നു. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസായി നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം ഇറങ്ങിയത്. ഒ.ടി.ടി റിലീസിലും വലിയ സ്വീകാര്യത സിനിമ നേടിയിരുന്നു. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും നേടി.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയില്‍ ടൊവീനോ, ലുക്മാന്‍ അവറാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോകേഷ് കനകരാജിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് 2022 . കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രം പുറത്തിറങ്ങിയ വര്‍ഷമായിരുന്നു കടന്നുപോയത്. കൈതിയും മാസ്റ്ററും അടക്കമുള്ള ഹിറ്റുകള്‍ മുന്‍പും ഒരുക്കിയിട്ടുണ്ടെങ്കിലും വിക്രം നേടിയ വിജയം അതിനേക്കാളൊക്കെ മുകളിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഏറ്റവും പ്രിയം തോന്നിയ  ഇന്ത്യന്‍ ചിത്രങ്ങള്‍ പലതും മലയാളത്തിലുള്ളവയാണ് എന്നതാണ് അതിന്റെ പ്രത്യേകത.

 

content highlight: lokesh kanakaraj talks about thallumala and ayyappanum koshi