രജിനി സാറുമായി ചെയ്യുന്ന സിനിമ എല്‍.സി.യു അല്ല: ലോകേഷ് കനകരാജ്
ലോകേഷ് കനകരാജിനൊപ്പം രജിനികാന്ത് ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. രജിനിയുടെ 171 മത്തെ ചിത്രം ആയിട്ടാവും ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എത്തുക. ഇപ്പോഴിതാ തലൈവര്‍ 171 നെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലോകേഷ്.
സിനിമ എല്‍.സി.യുവില്‍ ഉള്‍പ്പെടുന്നതല്ലെന്നും സ്റ്റാന്റ് എലോണായി നില്‍ക്കുന്ന ചിത്രം ആണെന്നുമാണ് ലോകേഷ് പാറയുന്നത്. താന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ഴോണര്‍ സിനിമയാകും രജിനികാന്തുമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ലോകേഷ് കൂട്ടിച്ചേര്‍ക്കുന്നു.
‘രജിനി സാറുമായി ചെയ്യുന്ന സിനിമ ഒരു വ്യത്യസ്ത സിനിമയാണ്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിലാണ് ആ സിനിയമയെ ഞാന്‍ കാണുന്നത്. സിനിമ എല്‍.സി.യുവില്‍ ഉള്‍പ്പടുന്നതല്ല. സ്റ്റാന്റ് എലോണായിട്ടാണ് ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്,’ ലോകേഷ് പറയുന്നു.
വിജയ് ചിത്രം ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നോള്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററില്‍ എത്തുക. സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.
Content Highlight: Lokesh kanakaraj says that thalaivar 171 is a stand alone movie