Entertainment news
ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 12, 01:13 pm
Sunday, 12th June 2022, 6:43 pm

ഉലക നായകന്‍ കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. വിക്രമിന് ശേഷം വിജയ് ചിത്രമാകും താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് നേരത്തെ തന്നെ ലോകേഷ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ എത്തരത്തിലുള്ള ചിത്രമാകും ദളപതി 67 എന്ന് ലോകേഷ് വെളിപെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വിജയുമായുള്ള ചിത്രത്തിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലോകേഷ്. ബിഹൈന്‍ഡ്വുഡ്സ് വിക്രമിന്റെ റിലീസിന് ശേഷം സംഘടിപ്പിച്ച ഫാന്‍ മീറ്റില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി എന്നോണമാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്ന് മുഴുനീള ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഉടനെ തന്നെ അത്തരത്തില്‍ ഒരു ചിത്രം വരുന്നുണ്ട് എന്റെ അടുത്ത ചിത്രം മുഴുനീള ആക്ഷന്‍ ചിത്രമായി ഒരുക്കാനാണ് ആലോചിക്കുന്നത് എന്ന മറുപടിയാണ് ലോകേഷ് ആരാധകന് നല്‍കിയത്. കഴിഞ്ഞ ദിവസം വിജയുമായുള്ള ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതിന് മുമ്പായി ലോകേഷും സുഹൃത്തുകളും തിരുപ്പതിയിലെത്തി ദര്‍ശനം നടത്തിയിരുന്നു.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവില്‍ വിജയ് അഭിനയിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ബീസ്റ്റാണ് വിജയിയുടെ ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlight : Lokesh Kanakaraj says Thalaphathy 67 is fully Action Movie