| Sunday, 8th October 2023, 8:13 am

ലിയോ പൂര്‍ണമായും ലോകേഷ് ചിത്രം; വിജയ്ക്ക് പഞ്ച് ഡയലോഗോ ഇന്‍ട്രോ സോങ്ങോ ഇല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോയില്‍ വിജയ്‌യുടെ കഥാപാത്രത്തിന് പഞ്ച് ഡയലോഗോ ഇന്‍ട്രോ പാട്ടോ ഉണ്ടാവില്ലെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. പൂര്‍ണമായും കഥയെ ഉള്‍ക്കൊണ്ടാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും കഥ പൂര്‍ണമായും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തോളിലാണെന്നും ലോകേഷ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഞ്ച് ഡയലോഗില്ല. ഇന്‍ട്രോ സോങ്ങില്ല. ഇന്‍ട്രോ ഫൈറ്റില്ല. നാല്‍പതുകളുടെ മധ്യത്തിലുള്ള ഒരാള്‍ എങ്ങനെ നടന്ന് വരുമോ അതേ ചെയ്തിട്ടുള്ളൂ. സംസാരം പോലും അദ്ദേഹത്തിന്റെ സ്‌റ്റൈലിലല്ല. സാധാരണ ഗതിയില്‍ അദ്ദേഹത്തിന് ഒരു മാനറിസം ഉണ്ടല്ലോ. സംസാരിക്കുന്ന രീതി എടുത്താലും അതൊന്നും ഈ സിനിമയില്‍ ഇല്ല. ഇതാണ് കഥ, ഈ കഥയില്‍ ഇങ്ങനെ ഇരിക്കണം, മുഴുവന്‍ കഥയും അദ്ദേഹത്തിന്റെ തോളിലാണിരിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാം,’ ലോകേഷ് പറഞ്ഞു.

എല്‍.സി.യു ഒരു ആക്ഷന്‍ ഡ്രാമ യൂണിവേഴ്‌സായി വികസിപ്പിക്കാനുള്ള തന്റെ ആഗ്രഹത്തെ പറ്റിയും അഭിമുഖത്തില്‍ ലോകേഷ് സംസാരിച്ചു. എല്‍.സി.യു സിനിമകള്‍ക്കായി മറ്റ് സംവിധായകരുമായി കൊളാബറേഷനായി പ്ലാനില്ലെന്നും ലോകേഷ് വ്യക്തമാക്കി.

‘എല്‍.സി.യുവും അതിലെ കഥാപാത്രങ്ങളും എന്റെ ആശയമാമാണ്. ഇപ്പോള്‍ അത് ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഭാവിയില്‍ ഇതെല്ലാം മാറിയേക്കാം. എല്‍.സി.യു പൂര്‍ണമായും എസ്ടാബ്ലിഷ്ഡായതിന് ശേഷം മറ്റ് സംവിധായകരും വന്നേക്കാം,’ ലോകേഷ് പറഞ്ഞു.

ഒക്ടോബര്‍ 16നാണ് ലിയോ റിലീസ് ചെയ്യുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

Content Highlight: Lokesh Kanakaraj said that Vijay’s character in Leo will not have any punch dialogue or intro song.

We use cookies to give you the best possible experience. Learn more