| Monday, 30th October 2023, 8:08 am

ലിയോയുടെ ഫ്‌ളാഷ് ബാക്ക് കള്ളം? നിര്‍ണായക രംഗം കട്ട് ചെയ്തു: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെയായി എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ കാണിച്ച ഫ്‌ളാഷ് ബാക്ക് കള്ളമാവാന്‍ സാധ്യതയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.

ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത് സത്യമാവാനും കള്ളമാവാനും സാധ്യതയുണ്ടെന്നും ലോകേഷ് പറഞ്ഞു. ഇത് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസിലാകാതിരിക്കാന്‍ നിര്‍ണായകമായ ഒരു രംഗം കട്ട് ചെയ്ത് കളഞ്ഞെന്നും ലോകേഷ് പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലോകേഷ്.

‘ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ല. മന്‍സൂര്‍ അലി ഖാനല്ലേ ലിയോയെ പറ്റി പറയുന്നത്. അയാള്‍ സത്യം പറയാനും കള്ളം പറയാനും സാധ്യതയുണ്ട്. ആ കഥയുടെ തുടക്കത്തില്‍ തന്നെ എല്ലാ കഥയ്ക്കും ഓരോ പെര്‍സ്‌പെക്ടീവ് ഉണ്ടാകുമല്ലോ എന്ന് മന്‍സൂര്‍ അലി ഖാന്‍ പറയുന്നുണ്ട്. ഇത് എന്റെ പെര്‍സ്‌പെക്ടീവ് ആണ് എന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്. എന്നാല്‍ ആ സീന്‍ കട്ട് ചെയ്തു. ഇനി പറയാന്‍ പോകുന്ന കഥ നുണയാണെന്ന് ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാവും, അത് നമുക്ക് കട്ട് ചെയ്യാം, ഒരു സംശയമായി അത് അവിടെ കിടക്കട്ടെ എന്ന് എഡിറ്റര്‍ ഫിലോമിന്‍ പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ ക്ലെവറായി ചെയ്ത പാര്‍ത്ഥിപന് ഒരാള്‍ക്ക് തല മറക്കുന്നത് ഒരു വലിയ കാര്യമല്ലല്ലോ.

ഈ കഥയുടെ എഴുത്തില്‍ ചെറിയ കാര്യങ്ങള്‍ ഡീറ്റെയ്ല്‍ ചെയ്തിട്ടുണ്ട്. കോഫി ഷോപ്പിലെ രംഗത്തിന് ശേഷം ലിയോ പുറത്ത് വന്നോ എന്ന് പേടിച്ച് പാര്‍ത്ഥിപന്‍ കരയുന്നുണ്ട്. അതിന് ശേഷം പാര്‍ത്ഥിപന്‍ എന്ന് വിളിക്കുമ്പോള്‍ അയാള്‍ തിരിഞ്ഞ് നോക്കാറില്ല. രണ്ടോ മൂന്നോ തവണ വിളിക്കുമ്പോഴാണ് നോക്കുന്നത്. ഉള്ളിന്റെ ഉള്ളില്‍ താനാരാണെന്ന് അയാള്‍ക്ക് അറിയാം.

ഈ സിനിമ ഒരു വ്യക്തിയുടെ കഥയാണ്. പാര്‍ത്ഥിപന്റെ കഥാപാത്ര അവലോകനമാണ് സിനിമ. ലിയോ ആണെന്ന് സമ്മതിക്കുമോ ഇല്ലയോ എന്നതാണ് സിനിമ. പെര്‍ഫോമന്‍സായിരിക്കണം മുഖ്യം എന്ന് വിചാരിച്ചാണ് പടം ചെയ്തത്. അതിനാണ് ശ്രമിച്ചത്. അത് വര്‍ക്കും ആയി,’ ലോകേഷ് പറഞ്ഞു.

Content Highlight: Lokesh Kanakaraj is saying that there is a possibility that the flashback shown in the film leo is fake

We use cookies to give you the best possible experience. Learn more