| Friday, 19th May 2023, 11:44 am

മാസ് ഐറ്റം ലോഞ്ച് ചെയ്യാന്‍ മാസ് കാ ബാപ്പ്; എ.ആര്‍.എം തമിഴ് വേര്‍ഷന്‍ ലോഞ്ച് ചെയ്യുന്നത് ഇവര്‍; ആവേശത്തില്‍ മോളിവുഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടൊവിനോ തോമസ് നായകനാവുന്ന അജയന്റെ രണ്ടാം മോഷണം. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ ലാലാണ്. ഇതുവരെ പുറത്ത് വന്ന ചിത്രത്തിന്റെ അപ്‌ഡേഷനുകളെല്ലാം പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വാനോളം ഉയര്‍ത്തുന്നതായിരുന്നു.

ഇന്ന് പുറത്ത് വരാനിരിക്കുന്ന ടീസര്‍ ലോഞ്ചിനായാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ പൃഥ്വിരാജും ഹിന്ദി വേര്‍ഷന്‍ ഹൃത്വിക് റോഷനും തെലുങ്ക് വേര്‍ഷന്‍ നാനിയും കന്നഡ വേര്‍ഷന്‍ രക്ഷിത് ഷെട്ടിയും ചേര്‍ന്ന് പുറത്തിറക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന സൂചന പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു.

തമിഴ് വേര്‍ഷന്‍ പുറത്ത് വിടുന്ന താരങ്ങളുടെ പേരുകള്‍ കൂടി പുറത്ത് വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ വാ പൊളിക്കുകയാണ് സോഷ്യല്‍ മീഡിയ. തമിഴ് മാസ് സിനിമകളുടെ നിലവിലെ ബാപ്പ് ലോകേഷ് കനകരാജും നടന്‍ ആര്യയുമാണ് തമിഴ് വേര്‍ഷന്റെ ടീസര്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത്. സംവിധായകന്‍ ജിതിന്‍ രാജ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുജിത് നമ്പ്യാര്‍ എഴുതുന്നു.

മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും 3Dയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlight: Lokesh Kanakaraj and actor Arya are going to launch the teaser of ARM 

Latest Stories

We use cookies to give you the best possible experience. Learn more