രജിനികാന്ത് ചിത്രം സംവിധാനം ചെയ്യാന്‍ ലോകേഷ് കനകരാജ്. തലൈവരുടെ 171ാം ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജായിരിക്കുമെന്ന് സണ്‍ പിക്‌ചേഴ്‌സാണ് അറിയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അന്‍പറിവായിരിക്കും ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തലൈവരുമായി തമിഴ് മുന്‍നിര സംവിധായകന്‍ ലോകേഷ് ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ജയിലറിന്റെ വമ്പന്‍ വിജയ നിറവില്‍ നില്‍ക്കുമ്പോള്‍ തലൈവരുടെ പുതിയ ചിത്രത്തെ പറ്റിയുള്ള വമ്പന്‍ അപ്‌ഡേറ്റ് വന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.
ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലര്‍ സമാനതകള്‍ ഇല്ലാതെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്സ് ഓഗസ്റ്റ് 25ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.
ജയിലറിന്റെ ലാഭവിഹിതത്തില്‍ നിന്നും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്തിരുന്നു.
ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ നാണയങ്ങളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്.
രജിനികാന്തിനും സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകനും ഒരു തുകയും ബി.എം.ഡബ്ല്യു കാറും, പോര്‍ഷെ കാറും സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് കൈമാറിയിരുന്നു.
ലിയോ ആണ് ഇനി ഉടന്‍ റിലീസിനൊരുങ്ങുന്ന ലോകേഷ് കനകരാജിന്റെ ചിത്രം. ഒക്ടോബറിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, ബാബു ആന്റണി, മിഷ്‌കിന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലേക്ക് എത്തുന്നത്.
Content Highlight: Lokesh Kanagaraj to direct Rajinikanth film