| Sunday, 17th December 2023, 8:59 am

നരേന്‍ വെളിപ്പെടുത്തിയ എല്‍.സി.യു ഷോര്‍ട്ട് ഫിലിം; അപ്‌ഡേറ്റ് നല്‍കി ലോകേഷ് തന്നെ രംഗത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് യൂണിവേഴ്‌സുമായി ബന്ധപ്പെട്ട് ഒരു വമ്പന്‍ അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം നടന്‍ നരേന്‍ നല്‍കിയിരുന്നു. ലോകേഷും താനും ഒന്നിച്ച് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നുവെന്നും അതാണ് എല്‍.സി.യുവിന്റെ തുടക്കമെന്നുമായിരുന്നു നരേന്‍ പറഞ്ഞത്.

ഇതിനെ പറ്റി ഇപ്പോള്‍ ലോകേഷ് തന്നെ സംസാരിക്കുകയാണ്. ഷോര്‍ട്ട് ഫിലിം ഇപ്പോഴും പ്രോസസിങ്ങിലാണെന്നും ഉടന്‍ അപ്‌ഡേറ്റ് പുറത്ത് വിടുമെന്നും ലോകേഷ് പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഒരു പത്ത് പതിനഞ്ച് ദിവസം മുമ്പേയാണ് തീര്‍ത്തത്. അതിന്റെ അപ്‌ഡേറ്റ് ഉടനെ ലഭിക്കും. അതിപ്പോഴും പ്രോസസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു സര്‍പ്രൈസാണ്. ചെറിയ ഷോര്‍ട്ട് ഫിലിമാണ്. ഉടനെ റിലീസ് ചെയ്യും,’ നരേന്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ക്വീന്‍ എലിസബത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു നരേന്റെ വെളിപ്പെടുത്തല്‍. ‘എല്‍.സി.യുവില്‍ കൈതി 2 ആണ് ഇനി അടുത്തത് വരാന്‍ പോകുന്നത്. അതിന്റെ ഇടയില്‍ ഒരു സംഭവം ഉണ്ട്. പുറത്ത് പറഞ്ഞിട്ടില്ല. ലോകേഷും ഞാനും ഒക്കെ കൂടി ചേര്‍ന്ന് ഒരു ഷോട്ട് ഫിലിം ചെയ്തു. 10 മിനിട്ടേയുള്ളൂ. അതിന് എല്‍.സി.യുവുമായി കണക്ഷന്‍ ഉണ്ട്. അതാണ് എല്‍.സി.യുവിന്റെ തുടക്കം. അത് അധികം താമസിക്കാതെ വരും,’ നരേന്‍ പറഞ്ഞു.

അതേസമയം ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡ് തങ്ങളുടെ ആദ്യചിത്രം റിലീസ് ചെയ്തിരുന്നു. വിജയ് കുമാര്‍ നായകനായി ഫൈറ്റ് ക്ലബ്ബാണ് ഡിസംബര്‍ 15ന് റിലീസ് ചെയ്തത്. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച ‘യാരും കാണാത’ എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു. അബ്ബാസ് എ. റഹ്‌മത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കഥയും അബ്ബാസ് തന്നെയാണ് നിര്‍വഹിച്ചത്.

Content Highlight: Lokesh Kanagaraj talks about lcu short film

We use cookies to give you the best possible experience. Learn more