|

ഒടുവില്‍ മലയാളിയുടെ ആ കിടുക്കാച്ചി കട്ടുകള്‍ക്ക് കയ്യടിച്ച് ലോകേഷും; വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇതുവരെ റിലീസ് ചെയ്ത ലോകേഷ് കനകരാജ് സിനിമകളിലെ രംഗങ്ങള്‍ കട്ട് ചെയ്ത് നാ റെഡി പാട്ടിനൊപ്പം സിങ്ക് ചെയ്ത വീഡിയോയാക്കിയ അമിത് എം.പി ഫോര്‍ എന്ന എഡിറ്ററുടെ വിഡിയോ ഷെയര്‍ ചെയ്ത് ലോകേഷും.

അമിത് എം.പി ഫോര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി കഴിഞ്ഞ ജൂലയ് 14 ന് ഷെയര്‍ ചെയ്ത വിഡിയോ ആണ് ഇഷ്ടപ്പെട്ടു (ലൈക്ക്ഡ് ഇറ്റ്) എന്ന അടിക്കുറിപ്പോടെ ലോകേഷ് പങ്കുവെച്ചിരിക്കുന്നത്.

ചടുലമായ എഡിറ്റിങ് മികവ് കൊണ്ട് ഏറെ ശ്രദ്ധക്കപ്പെട്ട വിഡിയോയാണ് ഇപ്പോള്‍ ലോകേഷ് തന്നെ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അമിതിന്റെ നിരവധി വീഡിയോകള്‍ ഇതിന് മുമ്പും വൈറലായിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് സിനിമയുടെ സംവിധായകന്‍ തന്നെ ഇത്തരത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

ലോകേഷിന്റെ അഭിനന്ദ ട്വീറ്റിന് ശേഷം മലയാളി കൂടിയായ അമിത്തിന് വ്യത്യസ്ത കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

അതേസമയം വിജയ് നായകനായി ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്.

കേരളത്തില്‍ 650ല്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏറ്റവും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന ‘നാ ഡി താന്‍’ എന്ന് തുടങ്ങുന്ന ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയിയുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്.

സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും എന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlight: Lokesh kanagaraj shared a mashup video edited by a keralite