ആ ഹോളിവുഡ് ചിത്രം റീമേക്ക് ചെയ്യണമെന്നുണ്ട്, പക്ഷേ ഇന്ത്യയില്‍ അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല: ലോകേഷ് കനകരാജ്
Entertainment
ആ ഹോളിവുഡ് ചിത്രം റീമേക്ക് ചെയ്യണമെന്നുണ്ട്, പക്ഷേ ഇന്ത്യയില്‍ അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th October 2024, 9:25 pm

ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി മാറിയ ആളാണ് ലോകേഷ് കനകരാജ്. ചെന്നൈയില്‍ ഒരു രാത്രി നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ചെയ്ത മാനഗരത്തിലൂടെയാണ് ലോകേഷ് സംവിധാനരംഗത്തേക്ക് ചുവടുവെച്ചത്. രണ്ടാമത്തെ ചിത്രമായ കൈതി 100 കോടി ക്ലബ്ബില്‍ ഇടം നേടിയതോടെ ലോകേഷ് എന്ന പേര് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റുകളായി മാറിയതോടെ തമിഴിലെ മുന്‍നിരസംവിധായകുടെ ലിസ്റ്റില്‍ ലോകേഷും ഇടം പിടിച്ചു.ലോകപ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ഹിസ്റ്ററി ഓഫ് വയലന്‍സി’ന്റെ ഔദ്യോഗിക റീമേക്കായാണ് ലിയോ ഒരുക്കിയത്. വിജയ് എന്ന നടനെ ഇതുവരെ കാണാത്ത തരത്തില്‍ പ്രസന്റ് ചെയ്യാന്‍ ലിയോയിലൂടെ ലോകേഷിന് സാധിച്ചു.

സ്ത്രീകളെ പ്രധാന കഥാപാത്രമാക്കി ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ പ്ലാനുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ലോകേഷ്. ഹോളിവുഡിലെ ക്ലാസിക് സിനിമകളിലൊന്നായ കില്‍ ബില്‍ തനിക്ക് തമിഴില്‍ റീമേക്ക് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് ലോകേഷ് പറഞ്ഞു. എന്നാല്‍ ആ സിനിമയിലെ അതുപോലെ കാണിച്ചാല്‍ ഇന്ത്യയില്‍ ഒരിടത്തും പ്രദര്‍ശനാനുമതി കിട്ടില്ലെന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ മാത്രമല്ല, ഒ.ടി.ടിയില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ ഇവിടുത്തെ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ലെന്നും ലോകേഷ് പറഞ്ഞു.

ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയ ചിത്രമാണ് കില്‍ ബില്‍ എന്നും സ്ത്രീ പ്രാധാന്യമുള്ള സിനിമ ചെയ്യുന്നുണ്ടെങ്കില്‍ കില്‍ ബിലിന്റെ റീമേക്ക് അതിലും വയലന്‍സോടെ ചെയ്യാനാണ് താത്പര്യമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നീലം സോഷ്യല്‍ സംഘടിപ്പിച്ച മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘കില്‍ ബില്‍ എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നെങ്കിലും ഒരു ഫീമെയില്‍ സെന്‍ട്രിക് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് കില്‍ ബിലിന്റെ റീമേക്കാകണമെന്നാണ് പ്ലാന്‍. പക്ഷേ ആ സിനിമ ഇന്ത്യയില്‍ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. എന്തിനേറെ ഒ.ടി.ടിയില്‍ പോലും പ്രദര്‍ശനാനുമതി കിട്ടുമോ എന്ന് സംശയമാണ്. നമ്മുടെ നാട്ടിലെ സെന്‍സര്‍ ബോര്‍ഡ് അത്രക്ക് വയലന്‍സ് സിനിമയില്‍ അനുവദിക്കില്ല.

ഒരുപാട് അവാര്‍ഡുകള്‍ നേടിയ ക്ലാസിക് സിനിമയാണ് കില്‍ ബില്‍. നിങ്ങള്‍ക്ക് ആ സിനിമ വേണമെങ്കില്‍ കണ്ടുനോക്കാം. വയലന്‍സിന്റെ പീക്കാണ് അതില്‍. എന്നിട്ടും അത്രയും അവാര്‍ഡ് നേടി. ഒറിജിനലിനെക്കാള്‍ കൂടുതല്‍ വയലന്‍സില്‍ ആ സിനിമ തമിഴില്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ഇന്ത്യയില്‍ അതിന് ഒരു പരിധിയുണ്ടല്ലോ. ആ ഒരൊറ്റ കാരണം കൊണ്ട് ഇതുവരെ ചെയ്യാതിരിക്കുകയാണ്,’ ലോകേഷ് പറഞ്ഞു.

Content Highlight: Lokesh Kanagaraj says that he wish to remake Kill Bill in Tamil