Film News
എല്‍.സി.യുവില്‍ പത്ത് സിനിമ; അതിന് ശേഷം ക്വിറ്റ് ചെയ്യും: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 19, 01:04 pm
Monday, 19th June 2023, 6:34 pm

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ചര്‍ച്ചാവിഷയമാണ് ലോകേഷ് കനകരാജിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. എല്‍.സി.യുവില്‍ നിന്നും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാവട്ടെ വിജയ്‌യുടെ ലിയോയും. പത്ത് സിനിമകള്‍ ചെയ്തിട്ട് എല്‍.സി.യു ക്വിറ്റ് ചെയ്യുമെന്ന് പറയുകയാണ് ലോകേഷ് കനകരാജ്.

കൈദിയും വിക്രവും ഒരുമിപ്പിച്ച് ഒരു ക്രോസ് ഓവര്‍ കൊണ്ടുവന്നപ്പോള്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചതെന്നും അതിന് ഒട്ടും കുറവ് വരുത്താതെ ആ യൂണിവേഴ്‌സ് വളര്‍ത്തണമെന്നും എസ്.എസ്. മ്യൂസികിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.

‘ഒരുപാട് സിനിമ ചെയ്യണമെന്നോ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് നാള്‍ നില്‍ക്കണമെന്നോ ഉള്ള പ്ലാന്‍ ഇല്ലായിരുന്നു. ഒന്ന് ശ്രമിച്ചുനോക്കാം എന്ന് വിചാരിച്ച് സിനിമയിലേക്ക് വന്നതാണ്. ഒരു കണക്ഷനുണ്ടെന്ന് തോന്നിയപ്പോള്‍ തൊഴിലായി എടുത്തതാണ്.

ഇങ്ങനെയൊരു യൂണിവേഴ്‌സ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഇതുവരെ ഒപ്പം നിന്ന താരങ്ങളോടും നിര്‍മാതാക്കളോടും നന്ദിയുണ്ട്. ഓരോ താരങ്ങള്‍ക്കുമുള്ള ഫാന്‍ബേസ് വലുതാണ്. അതുകൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കുമ്പോള്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തണം.

കൈദിയും വിക്രവും ഒരുമിപ്പിച്ച് ഒരു ക്രോസ് ഓവര്‍ കൊണ്ടുവന്നപ്പോള്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ഇനി ധൃതിപിടിക്കാതെ നേരത്തെ ലഭിച്ച വരവേല്‍പ്പിന് ഒട്ടും കുറവ് വരുത്താതെ ആ യൂണിവേഴ്‌സ് വളര്‍ത്തണമെന്നാണ് വിചാരിക്കുന്നത്. ആ യൂണിവേവ്‌സില്‍ പത്ത് സിനിമ ചെയ്യും. പിന്നെ ക്വിറ്റ് ചെയ്യും,’ ലോകേഷ് പറഞ്ഞു.

അതേസമയം വിജയ്‌യുടെ ജന്മദിനമായ ജൂണ്‍ 22ന് ലിയോയുടെ അപ്‌ഡേറ്റ് നല്‍കുമെന്ന് ലോകേഷ് അറിയിച്ചിരുന്നു.
‘റെഡിയാ?’ എന്നായിരുന്നു ലോകേഷിന്റെ ആദ്യ പോസ്റ്റ്. ലോകേഷിന്റെ ആദ്യ പോസ്റ്റ് വന്ന് കൃത്യം ഒരു മണിക്കൂറിന് ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി വിജയ് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ലിയോയുടെ ആദ്യ ഗാനം റിലീസാകും.

Content Highlight: Lokesh Kanagaraj says that he will do 10 films and will quit the LCU