| Tuesday, 28th February 2023, 7:18 pm

ഞാനൊക്കെ റൊമാന്‍സ് ചെയ്താല്‍ ഭയങ്കര ദുരന്തമായിപ്പോവും: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ ഹിറ്റ് ഡയറക്ടര്‍മാരില്‍ പ്രധാനിയാണ് ലോകേഷ് കനകരാജ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് ജനതയുടെ പള്‍സ് അറിഞ്ഞ് സിനിമ ചെയ്യുന്നതില്‍ വിജയിച്ച ലോകേഷ് മികച്ച ആക്ഷന്‍ പാക്ട് സിനിമകള്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിക്കഴിഞ്ഞു.

സംവിധാനം ചെയ്യുന്ന സിനിമകളില്‍ നായികമാര്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് ലോകേഷ് നേരിടുന്ന പ്രധാന വിമര്‍ശനം.  തന്റെ ചിത്രത്തില്‍ കമിതാക്ക്‌ളെ ഒരുമിപ്പിക്കാന്‍ തയ്യാറാവാത്ത സംവിധായകനെതിരെ ട്രോളുകളും വ്യാപകമായി വരാറുണ്ട്.

ലോകേഷ് എന്ത് കൊണ്ടാണ് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാത്തതെന്ന സംശയം ആരാധകരും പലപ്പോഴായി ഉന്നയിക്കാറുണ്ട്. അതിനൊരു വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകനിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.

താങ്കളുടെ സിനിമകള്‍ പ്രധാനമായും ആക്ഷന്‍,വയലന്‍സ് എന്നീ ഴോണറിലാണ് കാണുന്നത്. അതില്‍ നിന്നും മാറി ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘മുഴു നീള റൊമാന്റിക് സിനിമ ഞാന്‍ ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ല. കാരണം അത് എന്റെ ഏരിയ അല്ല. ഇനി അങ്ങനെ ഒരു പടം ചെയ്താലും അത് അബദ്ധമാവാനാണ് സാധ്യത. പടം എന്തായാലും ദുരന്തമാവും. അത് കൊണ്ട് തന്നെ റൊമാന്‍സിനെ ചുറ്റിപ്പറ്റി ഒരു സിനിമ ചെയ്യാന്‍ തല്‍ക്കാലം ഞാനില്ല.

എന്നെ വിശ്വസിച്ച് സിനിമയില്‍ പണം ഇന്‍വസ്റ്റ് ചെയ്യുന്ന ആളുകളെ ഞാന്‍ പരിഗണിക്കേണ്ടതുണ്ട്. എന്റെ കഥയുടെ ഏതെങ്കിലും ഒരു സ്ഥലത്ത് റൊമാന്‍സ് പ്ലേയ്‌സ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അതാണ് നന്നാവുന്നതും,’ ലോകേഷ് പറഞ്ഞു.

ലോകേഷിന്റേതായി അവസാനം പുറത്തിറങ്ങിയ വിക്രം ബോക്‌സ് ഓഫീസില്‍ വമ്പിച്ച കളക്ഷനാണ് നേടിയതത്. നീണ്ട കാലത്തിന് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയ ഉലകനായകന്റെ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും വിക്രം മാറിയിരുന്നു.

ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ അഭിനയവും അനിരുദ്ധിന്റെ മ്യൂസിക്കും ചിത്രത്തോടെപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിജയ്‌യെ നായകനാക്കി അണിയറയിലൊരുങ്ങുന്ന ലിയോയാണ് വരാനിരിക്കുന്ന ലോകേഷ് ചിത്രം.

Content Highlight: Lokesh kanagaraj says he never going to direct a romantic film

We use cookies to give you the best possible experience. Learn more