തമിഴിലെ ഇപ്പോഴത്തെ ബ്രാന്‍ഡ് ഡയറക്ടറാണ് ലോകേഷ് കനകരാജ്. വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ ഒരു വര്‍ഷത്തെ ഇടവേളക്കുള്ളില്‍ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റി ലോകേഷ് തന്റെ റേഞ്ച് സിനിമാലോകത്തിന് കാണിച്ചുകൊടുത്തു. 2017ല്‍ റിലീസായ മാനഗരത്തിലൂടെയാണ് ലോകേഷ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. വിക്രം എന്ന ചിത്രത്തിലൂടെ തമിഴില്‍ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിനും ലോകേഷ് തുടക്കം കുറിച്ചു. രജിനികാന്ത് നായകനാകുന്ന കൂലിയാണ് ലോകേഷിന്റെ പുതിയ ചിത്രം.
ലോകേഷിന്റെ രണ്ടാമത്തെ ചിത്രമായ കൈതി തമിഴില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. വന്‍ ബജറ്റില്‍ വമ്പന്‍ റിലീസായെത്തിയ വിജയ് ചിത്രം ബിഗിലിനോട് മത്സരിച്ച് 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കൈതി മാറി. എല്‍.സി.യുവില്‍ ഏറ്റവുമധികം ഫാന്‍ ബെയ്‌സുള്ള കഥാപാത്രമാണ് കൈതിയിലെ ദില്ലി. കൈതി എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് താനും കാര്‍ത്തിയും നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്.
കമല്‍ ഹാസന്റെ വിരുമാണ്ടി എന്ന ചിത്രമാണ് ദില്ലിക്ക് ഇന്‍സ്പിറേഷനെന്ന് ലോകേഷ് പറഞ്ഞു. ഷൂട്ടിന് മുമ്പ് ആ സിനിമ താനും കാര്‍ത്തിയും ഒരുമിച്ചിരുന്ന കണ്ടുവെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പ് കാര്‍ത്തി ആ ചിത്രം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും താന്‍ അഞ്ഞൂറിലധികം തവണ കണ്ടിട്ടുണ്ടെന്നും എന്നിരുന്നാലും തന്റെ നായകന് നിര്‍ദേശം കൊടുക്കാന്‍ വേണ്ടിയാണ് ഒന്നുകൂടെ കണ്ടതെന്ന് ലോകേഷ് പറഞ്ഞു.
വിരുമാണ്ടി എന്ന കഥാപാത്രം ഇന്നത്തെ കാലത്ത് വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയിലാണ് ദില്ലി പിറവിയെടുത്തതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
‘കൈതി എന്ന സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് കാര്‍ത്തി എന്നോട് ചോദിച്ചത് ‘ദില്ലി എന്ന ക്യാരക്ടറിനെ എങ്ങനെ പ്രസന്റ് ചെയ്യണം’ എന്നാണ്. ഞാനും കാര്‍ത്തിയും കൂടി വിരുമാണ്ടി എന്ന സിനിമ ഇരുന്ന് കണ്ടു. അതിന് മുമ്പ് കാര്‍ത്തി ആ സിനിമ കുറേ തവണ കണ്ടിട്ടുണ്ട്. ഞാനാണെങ്കില്‍ അഞ്ഞൂറിലധികം തവണ ആ സിനിമ കണ്ടിട്ടുണ്ട്.
വീണ്ടും കണ്ടത് എന്തിനാണെന്ന് ചോദിച്ചാല്‍ എന്റെ നടന് എങ്ങനെ ആ ക്യാരക്ടറിനെ പ്രസന്റ് ചെയ്യണമെന്ന് നിര്‍ദേശം കൊടുക്കാനാണ് അന്ന് വിരുമാണ്ടി കണ്ടത്. വിരുമാണ്ടി എന്ന കഥാപാത്രം പ്രസന്റ് സിറ്റുവേഷനില്‍ പ്ലെയ്‌സ് ചെയ്യുമ്പോള്‍ എങ്ങനെ വരുമെന്നുള്ള ചിന്തയില്‍ നിന്നാണ് ദില്ലി എന്ന കഥാപാത്രം പിറന്നത്,’ ലോകേഷ് പറഞ്ഞു.
Content Highlight: Lokesh Kanagaraj saying that Kamal Haasan’s Virumandi was inspiration for Kaithi