| Monday, 11th November 2024, 4:04 pm

ലിജോയുടെ ആ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്, പലപ്പോഴും അതിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത അഞ്ച് സിനിമകളില്‍ രണ്ടെണ്ണം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ ലോകേഷ് തമിഴിലെ ബ്രാന്‍ഡ് സംവിധായകരിലൊരാളായി മാറി. ആക്ഷന്‍ സിനിമകളില്‍ ഇമോഷനും കൃത്യമായി ചേര്‍ത്ത് അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിവുള്ള സംവിധായകരിലൊരാളാണ് ലോകേഷ്.

ആക്ഷന്‍ സിനിമകളല്ലാതെ വേറെ ഴോണറുകള്‍ ട്രൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ലോകേഷ്. നെല്‍സണൊക്കെ ചെയ്യുന്നത് പോലെ ഡാര്‍ക്ക് ഹ്യൂമര്‍ സബ്ജക്ടുകള്‍ ചെയ്യാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ലോകേഷ് പറഞ്ഞു. മലയാളത്തില്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിവുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്നും അദ്ദേഹത്തിന്റെ സിനിമകളെല്ലാം കാണാറുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ലിജോയുടെ സിനിമകളില്‍ അങ്കമാലി ഡയറീസാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്നും കോമഡിയും ആക്ഷനും റൊമാന്‍സും ഒരുപോലെ ചേര്‍ന്ന സിനിമയാണ് അതെന്നും ലോകേഷ് പറഞ്ഞു. ആ സിനിമയില്‍ മദ്യപിച്ച രണ്ടുപേര്‍ ഒരു ഡെഡ്‌ബോഡി അടക്കാന്‍ നോക്കുന്ന സീന്‍ ഡാര്‍ക്ക് ഹ്യൂമറിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ആ സിനിമയില്‍ തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സീന്‍ അതായിരുന്നെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ലിജോ ആ ഒരു സീനില്‍ കാണിച്ച സംഭവത്തെ വെച്ച് ഒരു മുഴുനീളസിനിമ താന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഡാര്‍ക്ക് ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന സിനിമയാകും അതെന്നും ലോകേഷ് പറഞ്ഞു. താനും ലിജോയും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങള്‍ സംസാരിക്കുമ്പോള്‍ ഈയൊരു കാര്യം പറയാറുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘ആക്ഷന്‍ ഴോണര്‍ അല്ലാതെ എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തീമാണ് ഡാര്‍ക്ക് ഹ്യൂമര്‍. നെല്‍സണൊക്കെ അതില്‍ ടോപ് ക്ലാസാണ്. അതുപോലൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ട്. തമിഴില്‍ മാത്രമല്ല, മലയാളത്തില്‍ നിന്നും അത്തരം സിനിമകള്‍ വരുന്നുണ്ട്. മലയാളത്തിലെ എന്റെ ഫേവറെറ്റ് സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പുള്ളിയുടെ അങ്കമാലി ഡയറീസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ആ പടം ഒരു കംപ്ലീറ്റ് പാക്കേജാണ്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം കറക്ട് മീറ്ററില്‍ ആ പടത്തിലുണ്ട്. അതില്‍ ഒരു അടിപൊളി ഡാര്‍ക്ക് ഹ്യൂമര്‍ സീനുണ്ട്. ഫ്യൂണറല്‍ സീനില്‍ രണ്ടുപേര്‍ മദ്യപിച്ചിട്ട് ശവപ്പെട്ടിയില്‍ ബോഡി ഒതുക്കിവെക്കുന്ന സീന്‍ ഡാര്‍ക്ക് ഹ്യൂമറിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ആ ഒരു സീന്‍ വെച്ച് ഒരു മുഴുനീളസിനിമ ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാനും ലിജോയും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആ പടത്തിനെപ്പറ്റി സംസാരിക്കാറുണ്ട്,’ ലോകേഷ് പറഞ്ഞു.

Content Highlight: Lokesh Kanagaraj saying Angamali Dairies is his favorite Lijo Jose Pellissery movie

We use cookies to give you the best possible experience. Learn more