| Wednesday, 18th December 2024, 10:08 pm

തോക്കും ഡ്രഗ്‌സും തത്കാലം വിട്ടേക്കാം... റോം കോം പടവുമായി ലോകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കുള്ള തന്റെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. പിന്നീട് കാര്‍ത്തിയെ നായകനാക്കി അണിയിച്ചൊരുക്കിയ കൈതി സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച ലോകേഷ് തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരുക്കിയതോടുകൂടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി.

സംവിധാനത്തിന് പുറമെ നിര്‍മാണത്തിലും ലോകേഷ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ജി സ്‌ക്വാഡ് എന്നാണ് തന്റെ പ്രൊഡക്ഷന്‍ ഹൗസിന് ലോകേഷ് നല്‍കിയിരിക്കുന്ന പേര്. സന്ദീപ് കിഷനെ നായകനാക്കി മൈക്കല്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ലോകേഷ് നിര്‍മാണമേഖലയിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഫൈറ്റ് ക്ലബ്ബ് എന്ന ചിത്രവും ലോകേഷ് നിര്‍മിച്ചു. എല്‍.സി.യുവിലെ അടുത്ത ചിത്രമായ ബെന്‍സ് നിര്‍മിക്കുന്നതും ലോകേഷ് തന്നെയാണ്.

രാഘവ ലോറന്‍സ് നായകനാകുന്ന ബെന്‍സിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മിസ്റ്റര്‍ ഭരത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരഞ്ജനാണ്. ഫൈനലി എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിരഞ്ജന്‍ ശ്രദ്ധേയനായത്. ഫൈനലിയിലെ വീഡിയോകളിലെ നായകന്‍ ഭരതാണ് ചിത്രത്തിലെ നായകന്‍.

ലോകേഷിന്റെ ട്രേഡ്മാര്‍ക്ക് ഐറ്റമായ വയലന്‍സില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മിസ്റ്റര്‍ ഭരത് ഒരുങ്ങുന്നത്. കോമഡി ഴോണറില്‍ അണിയിച്ചൊരുക്കിയ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ലോകേഷും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ഥിരം ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മാറി ഒരു റോം കോം ചിത്രമാണ് ലോകേഷ് ഇത്തവണ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ കണ്ടുപരിചയിച്ച മുഖങ്ങളായിരിക്കും ചിത്രത്തില്‍ ഉണ്ടാവുക. ഭരതിന് പുറമെ സംയുക്ത വിശ്വനാഥന്‍, ബാല ശരവണന്‍, നിധി പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി സ്‌ക്വാഡ്, ദി റൂട്ട് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. പേട്ടൈക്കാളി എന്ന വെബ് സീരിസീലൂടെ ശ്രദ്ധേയനായ പ്രണവ് മുരളിയാണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlight: Lokesh Kanagaraj’s going to produce a rom com movie

We use cookies to give you the best possible experience. Learn more