ലോകേഷ് കനകരാജ് – രജിനികാന്ത് കൂട്ടുക്കെട്ടില്‍ ഒരു സിനിമയെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരുന്നത്. രജിനിയുടെ 171ാമത് ചിത്രമാണ് ലോകേഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോവുന്നത്.
തലൈവര്‍ 171 എന്ന പേരില്‍ ഈയിടെയായിരുന്നു ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. സ്‌റ്റൈല്‍ മന്നന്‍ രജിനിയുടെ ആ പോസ്റ്ററിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കൂളിങ് ഗ്ലാസുമിട്ട് നില്‍ക്കുന്ന രജിനിയുടെ ഫോട്ടോയായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നക്. കയ്യില്‍ സ്വര്‍ണ വാച്ചുകളും ഉണ്ടായിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ തകര്‍പ്പന്‍ ടൈറ്റില്‍ ടീസറാണ് വന്നിരിക്കുന്നത്. കൂലി എന്നാണ് ചിത്രത്തിന്റെ പേര്. ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തിലേക്ക് വരുന്ന രജിനിയെയാണ് ടീസറില്‍ കാണിക്കുന്നത്. അവിടെ വെച്ച് തകര്‍പ്പന്‍ ഫൈറ്റിലൂടെ വില്ലന്മാരെ അടിച്ച് പറത്തുന്നതും കാണാം.
ടീസറിന് പിന്നാലെ ഈ സിനിമയും എല്‍.സി.യുവില്‍ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഉള്‍പ്പെട്ടതാണെന്ന കണ്ടെത്തലുമായി വന്നിരിക്കുകയാണ് ആരാധകര്‍. ടീസറില്‍ റോളക്സ് വാച്ചിന് പ്രധാന്യം നല്‍കുന്നത് ഇതിന്റെ സൂചനയാണെന്നാണ് ചര്‍ച്ചകള്‍. ലോകേഷിന്റെ കമല്‍ ഹാസന്‍ ചിത്രമായ വിക്രമില്‍ സൂര്യ അവതരിപ്പിച്ച വില്ലന്റെ പേര് റോളക്സ് എന്നായിരുന്നു.
എന്നാല്‍ പുതിയ ചിത്രം എല്‍.സി.യുവില്‍ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഉള്‍പ്പെടുന്നതല്ലായെന്നും ഒരു പരീക്ഷണ ചിത്രമാണെന്നും ലോകേഷ് മുമ്പ് പറഞ്ഞിരുന്നു. ലിയോ സിനിമയുടെ പ്രൊമോഷന്‍ സമയത്തുള്ള ഒരു അഭിമുഖത്തിലായിരുന്നു ലോകേഷ് അത് പറഞ്ഞത്.
‘രജിനി സാറുമായി ചെയ്യുന്ന സിനിമ ഒരു വ്യത്യസ്ത സിനിമയാണ്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിലാണ് ആ സിനിയമയെ ഞാന്‍ കാണുന്നത്. സിനിമ എല്‍.സി.യുവില്‍ ഉള്‍പ്പടുന്നതല്ല. സ്റ്റാന്റ് എലോണായിട്ടാണ് ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്,’ ലോകേഷ് പറയുന്നു.
സൂര്യ, കമല്‍ ഹാസന്‍, വിജയ്, കാര്‍ത്തി തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം സിനിമ ചെയ്ത ലോകേഷ് രജിനിയോടൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ പ്രതീക്ഷയിലാണ് ആരാധകര്‍. രജിനിയുടെ അവസാനമിറങ്ങിയ ലാല്‍സലാം എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
Content Highlight: Lokesh Kanagaraj – Rajinikanth’s Coolie Movie Title Teaser Out