മാസ്റ്റർ കഴിയാറായപ്പോൾ മുതൽ അദ്ദേഹത്തെ 'അണ്ണാ' എന്ന് വിളിക്കാൻ തുടങ്ങി, ലിയോ ആറ് തവണ നരേറ്റ് ചെയ്തിട്ടുണ്ട്: ലോകേഷ് കനകരാജ്
Entertainment
മാസ്റ്റർ കഴിയാറായപ്പോൾ മുതൽ അദ്ദേഹത്തെ 'അണ്ണാ' എന്ന് വിളിക്കാൻ തുടങ്ങി, ലിയോ ആറ് തവണ നരേറ്റ് ചെയ്തിട്ടുണ്ട്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 1:06 pm

മാസ്റ്റർ എന്ന ചിത്രം മുതൽ താൻ നടൻ വിജയ്‌യെ ‘അണ്ണാ’ എന്ന് വിളിക്കാൻ തുടങ്ങിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. സെറ്റിൽ എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നതെന്നും എല്ലാവർക്കും വിജയ് ഒരു സ്പേസ് നൽകിയിട്ടുണ്ടെന്നും ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ ആർട്ടിസ്റ്റുകളുമായിട്ടും എനിക്കൊരു ബോണ്ട് ഉണ്ട്. ഞാൻ എല്ലാവരെയും സർ എന്നാണ് വിളിക്കുന്നത്. മാസ്റ്ററിന്റെ ആദ്യത്തെ ഷെഡ്യൂൾ കഴിയാറായപ്പോഴേക്കും ഞാൻ അദ്ദേഹത്തെ ‘അണ്ണാ’ എന്ന് വിളിക്കാൻ തുടങ്ങി. അത് ഞാൻ മാത്രമല്ല. സെറ്റിൽ എല്ലാവരും അങ്ങനെയാണ്. എല്ലാവർക്കും അതിനുള്ള ഒരു സ്പേസ് അദ്ദേഹം തന്നിട്ടുണ്ട് .

സെറ്റിൽ രാവിലെ വരുമ്പോൾ തന്നെ ഏത് ഷോട്ടെടുക്കണം എന്നൊക്കെ ഓർത്ത് ടെൻഷനടിച്ചിരിക്കുമ്പോൾ അദ്ദേഹം വളരെ ജോളിയായിട്ട് അവിടെ ഇരിക്കുന്നുണ്ടാകും. രാവിലെ വരുമ്പോൾ തന്നെ എല്ലാവരെയും വിഷ് ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. അത് ചെയ്തിട്ട് മാത്രമാണ് ഇനി എന്താണ് അദ്ദേഹം ചെയ്യേണ്ടത് എന്ന് ചോദിക്കുകയുള്ളു. അത്തരത്തിലുള്ള ക്വാളിറ്റികൾ അദ്ദേഹത്തിനുണ്ട്. അതൊക്കെ പഠിച്ചെടുക്കണം എന്ന് ആഗ്രഹിച്ചാൽ പോലും നമ്മളെക്കൊണ്ടൊന്നും പറ്റില്ല. 8.30ന് ഷോട്ടുണ്ടെങ്കിൽ ഏഴ് മണിക്ക് അദ്ദേഹം അവിടെ ഉണ്ടാകും. ഞാൻ 7.30നോ അല്ലെങ്കിൽ വൈകിയോ വന്നാണ് ഷൂട്ട് ചെയ്യുന്നത്. ലിയോ ഒരു 110 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഒറ്റ ദിവസം പോലും അദ്ദേഹം വൈകി വന്നില്ല,’ ലോകേഷ് പറഞ്ഞു.

അഭിമുഖത്തിൽ അദ്ദേഹം ലിയോ സിനിമയുടെ നരേഷനെപ്പറ്റിയും സംസാരിച്ചു. ആദ്യം വിജയ്‌യോട് പറഞ്ഞ കഥയല്ല ഇപ്പോൾ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും ആ ചിത്രം ആറ് തവണ വരെ നരേറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മാസ്റ്റർ ചെയ്തതിനേക്കാൾ കുറച്ചുകൂടി കംഫർട്ടബിൾ ആയിരുന്നു ലിയോ ചെയ്തപ്പോൾ. അദ്ദേഹത്തെ എനിക്ക് ഒരു നാല് വർഷമായി അറിയാം. ഒരു മൂന്ന് വർഷമായിട്ട് ഈ സിനിമയെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നുണ്ട്. ആറ് നരേഷൻ വരെ ഞാൻ അദ്ദേഹത്തിന് കൊടുത്തിട്ടുണ്ടാകും. കാരണം ഞാൻ അദ്ദേഹത്തിനെ മനസിലാക്കും തോറും നരേഷൻ മാറിക്കൊണ്ടിരിക്കും. ആദ്യം പറഞ്ഞ കഥയല്ല ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇത് ചെയ്യാം എന്ന് ഉറപ്പിച്ചപ്പോൾ ആദ്യം അദ്ദേഹം എന്നോട് പറഞ്ഞത് എനിക്കെപ്പോഴാണോ കംഫർട്ടബിൾ ആയി തോന്നുന്നത് അപ്പോൾ ഷൂട്ട് തുടങ്ങാമെന്നാണ്. അദ്ദേഹം ആ സ്പേസ് തന്നില്ലായിരുന്നെങ്കിൽ ഈ സിനിമ നടക്കില്ല,’ ലോകേഷ് പറഞ്ഞു.

Content Highlights: Lokesh Kanagaraj on Vijay and Leo