ലിയോ എല്‍.സി.യുവിലാണെന്ന് ഉദയനിധി വെളിപ്പെടുത്തിയല്ലോ; ലോകേഷിന്റെ മറുപടി
Film News
ലിയോ എല്‍.സി.യുവിലാണെന്ന് ഉദയനിധി വെളിപ്പെടുത്തിയല്ലോ; ലോകേഷിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th October 2023, 6:39 pm

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 19ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസിന് മുന്നേ തന്നെ പ്രിവ്യൂ ഷോ കണ്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.

‘ദളപതി വിജയ് അണ്ണന്റെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മികച്ച ഫിലിം മേക്കിങ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ, എല്‍.സി.യു, സിനിമയുടെ ടീമിന് എല്ലാവിധ ആശംസകളും,’ എന്നാണ് ഉദയനിധി കുറിച്ചത്.

എല്‍.സി.യു എന്ന് കുറിച്ചതിനൊപ്പം ഒരു കണ്ണിറുക്കിയ ഇമോജിയും ഉദയനിധി ഇടക്ക് വെച്ചിരുന്നു. പിന്നാലെ ഉദയനിധിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 90ലധികം അഭിമുഖങ്ങള്‍ നല്‍കിയിട്ടും സിനിമ എല്‍.സി.യുവിലാണോ എന്ന് പറയാതെ ലോകേഷ് സൂക്ഷിച്ച സസ്‌പെന്‍സ് ഉദയനിധി പുറത്ത് വിട്ടു എന്നാണ് വിമര്‍ശകര്‍ പറഞ്ഞത്.

ഉദയനിധിയുടെ ട്വീറ്റിന് ഇപ്പോള്‍ ലോകേഷ് തന്നെ പ്രതികരണമറിയിക്കുകയാണ്. ലിയോ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റില്‍ വെച്ച് ഉദയനിധിയുടെ പോസ്റ്റില്‍ സിനിമ എല്‍.സി.യുവിലാണെന്നത് വെളിപ്പെട്ടുപോയല്ലോ, ആ വെളിപ്പെടുത്തലിനെ എങ്ങനെ കാണുന്നു എന്നായിരുന്നു ചോദ്യം. ‘അതിന്റെ സൈഡില്‍ കണ്ണിറുക്കുന്ന ഒരു ഇമോജി ഉണ്ടല്ലോ, അതുകൊണ്ട് നാളെ മാത്രമേ അത് മനസിലാവുകയുള്ളൂ,’ എന്നായിരുന്നു ലോകേഷിന്റെ മറുപടി.

അതേസമയം മികച്ച ആദ്യ പകുതി സമ്മാനിക്കുന്ന സിനിമയാണ് ലിയോ എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി അത്ര മികച്ച് നിന്നില്ലെന്നും പക്ഷെ വിജയ്‌യുടെ പെര്‍ഫോമന്‍സും, ലോകേഷിന്റെ സംവിധാനവും, അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും സിനിമയില്‍ മികച്ചതായിട്ടുണ്ടെന്നും ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Lokesh Kanagaraj is now responding to Udayanidhi’s tweet