തമിഴിലെ യുവസംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ലോകേഷ് കനകരാജ്. 2017ല്‍ മാനഗരം എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ലോകേഷ് രണ്ടാമത്തെ ചിത്രമായ കൈതിയിലൂടെ തമിഴില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. 2022ല്‍ കമല്‍ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് നേടാന്‍ സാധിച്ച ലോകേഷ് 2023ല്‍ ലിയോയിലൂടെ കരിയറിലെ രണ്ടാം ഇന്‍ഡസ്ട്രി ഹിറ്റും നേടി.
ഇപ്പോഴിതാ നടിയും ഗായികയുമായ ശ്രുതി ഹാസന്റെ പുതിയ മ്യൂസിക്കല്‍ ആല്‍ബമായ ഇനിമേലിലൂടെ അഭിനയരംഗത്തും ലോകേഷ് സാന്നിധ്യമറിയിച്ചിരിക്കുകയാണ്. കമല്‍ഹാസനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. കമലിന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ആല്‍ബം നിര്‍മിച്ചത്.
സംവിധാനം ചെയ്ത എല്ലാ സിനിമയിലും പ്രണയിക്കുന്ന ആള്‍ക്കാരെ കൊല്ലുന്ന ലോകേഷ് ആദ്യമായി അഭിനയിച്ചത് റൊമാന്‍സ് ഴോണറിലുള്ള ആല്‍ബമാണ് എന്ന കാര്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വിക്രം സിനിമയിലെ നടി ഗായത്രി ഇതിന്റെ പേരില്‍ ലോകേഷിനെ തമാശരൂപത്തില്‍ പരിഹസിച്ചിരുന്നു.
അത്തരം ട്രോളുകളോട് ആല്‍ബം റിലീസിന് ശേഷം നടന്ന പ്രസ്മീറ്റില്‍ ലോകേഷ് പ്രതികരിച്ചു. പ്രേമിക്കുന്നവരെ കൊല്ലണമെന്ന ഉദ്ദേശമൊന്നും തനിക്കില്ലെന്നും, ഈ ആല്‍ബത്തിന്റെ സ്‌ക്രിപ്റ്റ് താനല്ല എഴുതിയതെന്നും ലോകേഷ് പറഞ്ഞു. അഭിനയിക്കാന്‍ പറ്റുമോ എന്ന് കമല്‍ സാറും ശ്രുതിയും ചോദിച്ചത് കൊണ്ട് മാത്രമാണ് താന്‍ അഭിനയിച്ചതെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
‘പ്രേമിക്കുന്നവരെ കൊല്ലണമെന്ന് യാതൊരു ഉദ്ദേശവും എനിക്കില്ല. ആരെങ്കിലും മരിച്ചാലല്ലേ നിങ്ങള്‍ ഇമോഷണലാകുള്ളൂ. അതിന് വേണ്ടി മാത്രമാണ് അങ്ങനെ കൊല്ലുന്നത്. അതു മാത്രമല്ല, ഇതിന്റെ സ്‌ക്രിപ്റ്റ് ഞാനല്ല ചെയ്തിരിക്കുന്നത്. ശ്രുതിയും കമല്‍ സാറും എന്നോട് അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. സാറിനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ഞാനിതില്‍ അഭിനയിച്ചത്,’ ലോകേഷ് പറഞ്ഞു.
Content Highlight: Lokesh Kanagaraj explains why he kills couples in his movies