| Sunday, 13th October 2024, 5:18 pm

ലിയോയുടെ ഫ്‌ളാഷ്ബാക്ക് സീന്‍ വര്‍ക്കാകാത്തതിന് കാരണം എനിക്കുണ്ടായ പ്രഷര്‍: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ്. 2017ല്‍ റിലീസായ മാനഗരം ലോകേഷ് എന്ന സംവിധായകന്റെ പൊട്ടന്‍ഷ്യല്‍ എന്തെന്ന് കാണിച്ചുതന്നു. രണ്ടാമത്തെ ചിത്രമായ കൈതി, വിജയ്‌യുടെ സിനിമയുമായി ക്ലാഷ് വെച്ച് 100 കോടി നേടിയതോടെ ലോകേഷ് കൂടുതല്‍ ശ്രദ്ധേയനായി. തുടര്‍ന്നുവന്ന മാസ്റ്റര്‍ കൊവിഡ് കാലത്ത് തിയേറ്ററുകളുടെ രക്ഷകനായി മാറി.

തന്റെ ഇഷ്ടനടനായ കമല്‍ ഹാസനെ വെച്ച് ചെയ്ത വിക്രം ആറ് വര്‍ഷത്തിന് ശേഷം തമിഴിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. വിക്രത്തിലൂടെ തമിഴില്‍ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിനും ലോകേഷ് തുടക്കം കുറിച്ചു. തുടര്‍ന്ന് വന്ന ലിയോ കൂടി ഇന്‍ഡസ്ട്രി ഹിറ്റായതോടുകൂടി തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായി ലോകേഷ് മാറി. ലിയോക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന കൂലിയില്‍ രജിനികാന്താണ് നായകന്‍.

വിജയ് നായകനായ ലിയോ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നെങ്കിലും ചിത്രത്തിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. പ്രേക്ഷകരുമായി യാതൊരു തരത്തിലും കണക്ടാകാതെപോയ ഫ്‌ളാഷ്ബാക്ക് യാതൊരു ഇംപാക്ടും ഉണ്ടാക്കിയില്ല. റിലീസിന് പിന്നാലെ ആ രംഗം മന്‍സൂര്‍ അലി ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്‍സ്‌പെക്ടീവില്‍ നിന്നുള്ളതാണെന്നുള്ള ന്യായവാദങ്ങളും ലോകേഷ് നിരത്തിയിരുന്നു.

ഇപ്പോഴിതാ ആ സീന്‍ ശരിക്ക് വര്‍ക്കാകാത്തതിന്റെ കാരണം തനിക്ക് വന്ന പ്രഷറാണെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. പാര്‍ത്ഥിബന്‍ എന്ന കഥാപാത്രത്തിലൂടെ മാത്രം സഞ്ചരിക്കുന്ന കഥയായാണ് പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ വിജയ് എന്ന സ്റ്റാറിന്റെ കൊമേഴ്‌സ്യല്‍ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഒരു പാട്ട് ആവശ്യമായിരുന്നുവെന്നും ലോകേഷ് പറഞ്ഞു. ആ പാട്ട് ഫ്‌ളാഷ്ബാക്ക് സീനില്‍ മാത്രമേ കൊണ്ടുവരാന്‍ പറ്റുള്ളൂവെന്നും ഫ്‌ളാഷ്ബാക്കിനായി എന്ത് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചുവെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ഗെയിം ഓഫ് ത്രോണ്‍സ് എല്ലാം റഫറന്‍സായി ആലോചിച്ചെന്നും എന്നാല്‍ 20 മിനിറ്റില്‍ അത് ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്ന് മനസിലായെന്നും ലോകേഷ് പറഞ്ഞു. നരബലി എന്ന കോണ്‍സപ്റ്റ് പിന്നീട് മനസില്‍ വന്നെന്നും അത് ഉപയോഗിച്ചപ്പോള്‍ അതിന്റെ ഇന്റന്‍സിറ്റി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘ലിയോയിലെ ഫ്‌ളാഷ്ബാക്ക് സീന്‍ വര്‍ക്കാകത്തതിന് കാരണം എനിക്കുണ്ടായിരുന്ന പ്രഷറാണ്. വിജയ് എന്ന നടനെ വെച്ച് എത്ര വെറൈറ്റിയായിട്ടുള്ള സബ്ജക്ട് നോക്കിയാലും അതിലേക്ക് കൊമേഴ്‌സ്യല്‍ എലമെന്റ് കൊണ്ടുവരേണ്ടതുണ്ട്. കാരണം, അദ്ദേഹത്തിന്റെ ഫാന്‍സിനെയെല്ലാം തൃപ്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിന് വേണ്ടി വിജയ് സാറിന് ഒരു പാട്ടും വേറൊരു ലുക്കുമെല്ലാം ആലോചിച്ചിരുന്നു. എന്നാല്‍ അത് എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചു. എന്റെ മുന്നില്‍ ആ സമയം ഒരു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഗെയിം ഓഫ് ത്രോണ്‍സ് പോലെ ഒരു കഥ ആലോചിച്ചിരുന്നെങ്കിലും 20 മിനിറ്റില്‍ അത് പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. പിന്നെ എന്ത് ചെയ്യാമെന്ന് ചിന്തിച്ചപ്പോഴാണ് നരബലി എന്ന കോണ്‍സപ്റ്റ് ഇന്നും പലയിടത്തും നടക്കുന്നുണ്ടെന്ന് കേട്ടത്. അതിന്റെ ഇന്റന്‍സിറ്റിയും അന്ധവിശ്വാസവും വിമര്‍ശിച്ചുകൊണ്ട് ഫ്‌ളാഷ്ബാക്ക് ചെയ്യാമെന്ന് വിചാരിച്ചു, പക്ഷേ അത് ഓഡിയന്‍സിന് വര്‍ക്കായില്ല,’ ലോകഷ് പറഞ്ഞു.

Content Highlight: Lokesh Kanagaraj explains why Flashback scene of Leo didn’t work

We use cookies to give you the best possible experience. Learn more