| Monday, 14th October 2024, 8:48 am

എല്‍.സി.യുവില്‍ ഓരോ സിനിമ ചെയ്യുമ്പോഴും ഞാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ റിലീസായ വിക്രത്തിലൂടെ തമിഴില്‍ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. 2019ല്‍ റിലീസായ കൈതിയുടെ കഥാപരിസരം വിക്രവുമായി കണക്ട് ചെയ്താണ് ലോകഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ചത്. കാര്‍ത്തി അവതരിപ്പിച്ച ദില്ലി, കമല്‍ ഹാസന്‍ അവതരിപ്പിച്ച വിക്രം, ഫഹദിന്റെ അമര്‍ എന്നീ നായകന്മാരെ എതിരിടാന്‍ റോളക്‌സ് എന്ന വില്ലനെയും സൃഷ്ടിച്ച ലോകേഷ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലിയോയിലൂടെ വിജയ്‌യെയും ഈ എല്‍.സി.യുവിലെത്തിച്ചു.

ലോകേഷ് അടുത്തതായി സംവിധാനം ചെയ്യുന്ന കൂലി സ്റ്റാന്‍ഡ് അലോണായിരിക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ താന്‍ എല്‍.സി.യുവില്‍ ഏതെങ്കിലും സിനിമകള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ്. എല്‍.സി.യുവില്‍ ചെയ്ത മൂന്ന് സിനിമകള്‍ നാല് വ്യത്യസ്ത പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് കീഴിലാണെന്ന് ലോകേഷ് പറഞ്ഞു. അതിനാല്‍ ഇനി ഈ യൂണിവേഴ്‌സില്‍ സിനിമ ചെയ്യുമ്പോള്‍ അവരുടെ പക്കല്‍ നിന്ന് എന്‍.ഓ.സി വാങ്ങേണ്ടതുണ്ടെന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു.

താന്‍ അടുത്തതായി നിര്‍മിക്കുന്ന ചിത്രവും ഈ യൂണിവേഴ്‌സിന് കീഴില്‍ വരുന്നതാണെന്നും ആ സിനിമക്ക് മറ്റ് പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് എന്‍.ഓ.സി വാങ്ങിയിട്ടുണ്ടെന്നും ലോകേഷ് പറഞ്ഞു. സംഗീതസംവിധായകരുടെ അടുത്ത് നിന്നും ഇത്തരത്തില്‍ പെര്‍മിഷന്‍ വാങ്ങേണ്ടി വരുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. നീലം സോഷ്യലിന് നല്‍കിയ മാസ്റ്റര്‍ ക്ലാസിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘ഇതുവരെ എല്‍.സി.യുവില്‍ മൂന്ന് സിനിമകള്‍ ചെയ്തു. നാല് വ്യത്യസ്ത പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴിലാണ് ഈ സിനിമകളെല്ലാം. ഇതുകൊണ്ടുള്ള പ്രശ്‌നം എന്താണന്ന് വെച്ചാല്‍ ഇനി ഞാന്‍ എല്‍.സി.യുവില്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ ഈ നാല് പ്രൊഡക്ഷന്‍ ഹൗസിന്റെയടുത്ത് നിന്നും എന്‍.ഓ.സി വാങ്ങണം. എന്നാലേ എനിക്ക് ബാക്കി കഥാപാത്രങ്ങളെ ഉപയോഗിക്കാന്‍ കഴിയൂ.

ഞാന്‍ ഇപ്പോള്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയും ഈ യൂണിവേഴ്‌സിന്റെ ഉള്ളിലേക്ക് വരുന്നതാണ്. അപ്പോള്‍ എന്റെ പ്രൊഡക്ഷന്‍ ഹൗസും കൂടി ചേരുമ്പോള്‍ അഞ്ചാകും. അതുമാത്രമല്ല, ഓരോ പടത്തിന്റെയും മ്യൂസിക് ഡയറക്ടറുടെയും പെര്‍മിഷനും വാങ്ങേണ്ടിവരും. അങ്ങനെയുള്ള അവസരത്തില്‍ വേറൊരു സിനിമയുമായി ക്രോസ് ഓവര്‍ എന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj explains the hurdles when he doing a movie in LCU

We use cookies to give you the best possible experience. Learn more