| Wednesday, 6th November 2024, 10:18 pm

രജിനി സാറും കമല്‍ സാറും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. സംവിധാനം ചെയ്ത അഞ്ച് സിനിമകളില്‍ രണ്ടെണ്ണം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ ലോകേഷ് തമിഴിലെ ബ്രാന്‍ഡ് സംവിധായകരിലൊരാളായി മാറി. ആക്ഷന്‍ സിനിമകളില്‍ ഇമോഷനും കൃത്യമായി ചേര്‍ത്ത് അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിവുള്ള സംവിധായകരിലൊരാളാണ് ലോകേഷ്.

രജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോഴുള്ള വ്യത്യാസം പറയുകയാണ് ലോകേഷ്. കൂലിയുടെ രണ്ട് ഷെഡ്യൂള്‍ ഇതിനോടകം ചെയ്തുതീര്‍ത്തെന്നും ഒരു വര്‍ഷമായി ഈ സിനിമയുടെ പിന്നണിയിലാണെന്നും ലോകേഷ് പറഞ്ഞു.

കഥ പൂര്‍ത്തിയായതിന് ശേഷം ഓരോ തവണയും രജിനിയുമായി സംസാരിക്കുകയാണെന്നും അദ്ദേഹം എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. രജിനികാന്ത് ‘ഡയറക്ടേഴ്‌സ് ആക്ടറാണെന്നും നമ്മള്‍ പറയുന്നത് അതുപോലെ ചെയ്ത് ഫലിപ്പിക്കുമെന്നും ലോകേഷ് പറഞ്ഞു. എന്നാല്‍ കമല്‍ ഹാസന്റെയടുത്തേക്ക് എത്തുമ്പോള്‍ മറ്റൊരു സ്‌കൂളിലെത്തിയതുപോലെയാണെന്നും ഒരു ആക്ടര്‍ എന്ന നിലയില്‍ കമല്‍ ഹാസന്‍ ഒരു ടെക്‌നീഷ്യനാണെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ അദ്ദേഹത്തോട് കഥ പറയുമ്പോള്‍ അത്തരം കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാറുണ്ടെന്നും ലോകേഷ് പറഞ്ഞു. ഓരോ ഷോട്ട് കഴിയുമ്പോഴും അതിന്റെ ടെക്‌നിക്കല്‍ വശം കൂടി കമല്‍ ശ്രദ്ധിക്കാറുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ലോകേഷ്.

‘രജിനി സാറും കമല്‍ സാറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇപ്പോള്‍ കൂലിയുടെ കാര്യമെടുത്താല്‍ അതിന്റെ രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഒരു വര്‍ഷമായി ആ സിനിമയുടെ പിന്നാലെയാണ് ഞാന്‍ കഥ പൂര്‍ത്തിയായതും അത് മുഴുവനായി രജിനി സാറോട് പറഞ്ഞു. അദ്ദേഹം ഒരു ‘ഡയറക്ടേഴ്‌സ് ആക്ടറാണ്. നമ്മള്‍ പറയുന്നത് കൃത്യമായി കേട്ട് മനസിലാക്കി ചെയ്യുന്ന നടനാണ്. എന്നാല്‍ ഷോട്ട് എടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രത്യേക ഓറ അതില്‍ കാണാന്‍ സാധിക്കും.

കമല്‍ സാറിന്റെയടുത്ത് ചെല്ലുമ്പോള്‍ അത് മറ്റൊരു സ്‌കൂള്‍ പോലെയാണ്. അദ്ദേഹം ഒരു ആക്ടര്‍ എന്നതിലുപരി ഒരു ടെക്‌നീഷ്യന്‍ കൂടിയാണ്. അതിനാല്‍ നമ്മള്‍ പുള്ളിയുടെയടുത്ത് ഒരു സീന്‍ വിവരിക്കുമ്പോള്‍ അതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ കൂടി കമല്‍ സാര്‍ ശ്രദ്ധിക്കും. നമ്മള്‍ വിട്ടുപോയ ചെറിയ കാര്യങ്ങള്‍ വര അദ്ദേഹം ശ്രദ്ധിച്ച് നമ്മളോട് പറയും. രണ്ടുപേരും കഥപാത്രത്തിലേക്ക് മാറുന്ന രീതിയും വ്യത്യസ്തമാണ്,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj explains the difference between Rajnikanth and Kamal Haasan

We use cookies to give you the best possible experience. Learn more