തമിഴിലെ യുവസംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ലോകേഷ് കനകരാജ്. 2017ല്‍ മാനഗരം എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ലോകേഷ് രണ്ടാമത്തെ ചിത്രമായ കൈതിയിലൂടെ തമിഴില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. 2022ല്‍ കമല്‍ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് നേടാന്‍ സാധിച്ച ലോകേഷ് 2023ല്‍ ലിയോയിലൂടെ കരിയറിലെ രണ്ടാം ഇന്‍ഡസ്ട്രി ഹിറ്റും നേടി.
ഇപ്പോഴിതാ പുതിയൊരു റോള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ലോകേഷ്. ശ്രുതി ഹാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ആല്‍ബം സോങ്ങിലൂടെ ക്യാമറക്ക് മുന്നിലേക്കെത്തുകയാണ്. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ്കമല്‍ ഫിലിംസാണ് നിര്‍മാണം. കമല്‍ ഹാസന്‍ തന്നെയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഇനിമേല്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടൈറ്റില്‍ ലോകേഷിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്.
പാട്ടിന്റെ ആദ്യ അപ്‌ഡേറ്റ് വാലന്റൈന്‍സ് ദിനത്തിലായിരുന്നു പുറത്തുവിട്ടത്. ശ്രുതി ഹാസനും ലോകേഷും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവിട്ടതിലൂടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. കമല്‍ ഹാസനെ ഗുരുവായി കാണുന്ന ലോകേഷിനെ കമല്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിന് മുമ്പ് മാസ്റ്റര്‍ എന്ന സിനിമയുടെ അവസാനരംഗത്ത് ഒറ്റ ഷോട്ടില്‍ ലോകേഷ് എത്തിയിരുന്നു. വിജയ് ആയിരുന്നു ആ രംഗം സംവിധാനം ചെയ്തത്. ഈ വര്‍ഷം ഇറങ്ങിയ സിംഗപ്പൂര്‍ സലൂണ്‍ എന്ന സിനിമയിലും ലോകേഷ് അതിഥിവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്രയും ലെങ്തിയായിട്ടുള്ള ഒരു വേഷം ചെയ്യുന്നത് ഇതാദ്യമായാണ്.
Content Highlight: Lokesh Kanagaraj doing a lead role in an album song directed by Sruthy Haasan