Film News
നായകന്റെ സൈഡോ വില്ലന്റെ സൈഡോ? എല്‍.സി.യുവിലെ അടുത്ത എന്‍ട്രി പ്രഖ്യാപിച്ച് ലോകേഷ്.... ഇതൊരൊന്നൊന്നര മുതലായിരിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 30, 02:33 am
Wednesday, 30th October 2024, 8:03 am

വിക്രം എന്ന ചിത്രത്തിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറച്ച സിനിമാറ്റിക് യൂണിവേഴ്‌സാണ് എല്‍.സി.യു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്). ലോകേഷിന്റെ മുന്‍ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലോകേഷ് തമിഴില്‍ പുതിയൊരു പരീക്ഷണം നടത്തിയത്. വിജയ് ചിത്രം ലിയോയും ഈ യൂണിവേഴ്‌സിലേക്ക് കൊണ്ടുവന്നതോടുകൂടി സൗത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ യൂണിവേഴ്‌സായി എല്‍.സി.യു മാറി.

ഇപ്പോഴിതാ ഈ യൂണിവേഴ്‌സിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ബെന്‍സ് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലൂടെയാണ് ലോകി ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ നായകനായി എത്തുന്നത് നടനും സംവിധായകനുമായ രാഘവ ലോറന്‍സാണ്. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് ശേഷം ലോറന്‍സ് ഞെട്ടിക്കാന്‍ പോകുന്ന കഥാപാത്രമാകും ബെന്‍സെന്നാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന. ലോറന്‍സിന്റെ പിറന്നാള്‍ പ്രമാണിച്ചാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടത്.

‘മനസില്‍ പ്രത്യേക ലക്ഷ്യമുള്ള യോദ്ധാവാണ് ഏറ്റവും അപകടകാരിയായവന്‍’ എന്ന ലോകേഷിന്റെ ഇന്‍ട്രോയോട് കൂടിയാണ് പ്രൊമോ വീഡിയോ ആരംഭിക്കുന്നത്. എല്‍.സി.യുവിലെ മുന്‍ ചിത്രങ്ങളിലെ പ്രൊമോ പോലെ സാധാരണ ജോലിയില്‍ കഴിയുന്ന നായകനെയും അയാളുടെ മറ്റൊരു മുഖവും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. ‘പുതിയ ലോകം, പുതിയ നിയമങ്ങള്‍, വീണ്ടും ആരംഭിക്കുകയല്ലേ’ എന്ന് ലോകേഷ് ചോദിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നുണ്ട്.

ടൈറ്റില്‍ കഥാപാത്രമായി രാഘവ ലോറന്‍സ് എത്തുമ്പോള്‍ വില്ലനായ റോളക്‌സിന്റെ സൈഡാണോ അതോ നായകന്മാരുടെ സൈഡാണോ എന്നതില്‍ സൂചനയില്ല. ലോകേഷിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. ലോകേഷിന്റെ ഉടമസ്ഥതയിലുള്ള ജി സ്‌ക്വാഡ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍.സി.യുവിലെ ആദ്യ ചിത്രമായ കൈതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഈ യൂണിവേഴ്‌സിന്റെ തുടക്കം കാണിക്കുന്ന ഷോര്‍ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് ലോകേഷ് പുറത്തുവിട്ടിരുന്നു.

കാര്‍ത്തി നായകനാകുന്ന കൈതി 2വാണ് എല്‍.സിയുവിലെ അടുത്ത ചിത്രം. ഈ യൂണിവേഴ്‌സിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും കൈതി 2വില്‍ കൊണ്ടുവരുമെന്ന് ലോകേഷ് അടുത്തിടെ പറഞ്ഞിരുന്നു. പ്രധാന നായകനായി കാര്‍ത്തി എത്തുമ്പോള്‍ കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, നരെയ്ന്‍ എന്നിവര്‍ ദില്ലിയെ സഹായിക്കാനായി എത്തുമ്പോള്‍ എല്ലാവരും കാത്തിരിക്കുക റോളക്‌സിന്റെ എന്‍ട്രിക്കാകും.

മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയതിനാല്‍ വിജയ് കൈതി 2വിന്റെ ഭാഗമാകുമോ എന്നതാണ് പ്രധാന ചോദ്യം. അത് സംഭവിച്ചാല്‍ തമിഴിലെ എക്കാലത്തെയും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം കൈതി 2വിലൂടെ സാധ്യമാകും.

Content Highlight: Lokesh Kanagaraj announced new movie in LCU titled as Benz starring Raghava Lawrence