Film News
വിക്രത്തിന് ശേഷം ലോകേഷും കമല്‍ ഹാസനും വീണ്ടുമൊന്നിക്കുന്നു; നായികയായി ശ്രുതി ഹാസന്‍; പോസ്റ്റര്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 07, 06:15 am
Wednesday, 7th February 2024, 11:45 am

ശ്രുതി ഹാസനും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. ഉലകനായകന്‍ കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ കാര്യം പുറത്ത് വിട്ടത്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ അവരുടെ എക്‌സ് അക്കൗണ്ടിലൂടെ ശ്രുതിയുടെയും ലോകേഷിന്റെയും ചിത്രമടങ്ങിയ വര്‍ക്ക്-പ്രോഗ്രസ് പോസ്റ്റര്‍ പങ്കുവെക്കുകയായിരുന്നു.

ശ്രുതി ഹാസനും ലോകേഷും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രമാണ് ഈ പോസ്റ്ററിലുള്ളത്. ‘ഇനിമേല്‍ ഡെലൂലൂ, ഈസ് ദ ന്യൂ സൊലൂലൂ’ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

ഈ പോസ്റ്ററിന് താഴെയായി ഇതുവേ റിലേഷന്‍ഷിപ്പ്, ഇതുവേ സിറ്റുവേഷന്‍ഷിപ്പ്, ഇതുവേ ഡെല്യൂഷന്‍ഷിപ്പ് എന്ന ടാഗും ചേര്‍ത്തിട്ടുണ്ട്. കമല്‍ ഹാസന്‍ നായകനായ വിക്രം എന്ന ചിത്രത്തിന് ശേഷം രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന് ഒപ്പമുള്ള ലോകേഷിന്റെ രണ്ടാമത്തെ സിനിമയാകും ഇത്.

കൂടാതെ കമല്‍ഹാസന്‍ തന്റെ മകള്‍ ശ്രുതി ഹാസനുവേണ്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടെയാണ്. ചിത്രത്തിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നില്ലെങ്കിലും ഈ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് വൈറലായി.

പ്രശാന്ത് നീല്‍ ചിത്രം സലാറിന് ശേഷം ശ്രുതി ഹാസന്‍ നായികയായെത്തുന്ന അടുത്ത സിനിമയാണ് ഇത്. പ്രഭാസ് നായകനായ സലാര്‍ വലിയ വിജയമായിരുന്നു.

Content Highlight: Lokesh Kanagaraj and Kamal Haasan reunite after Vikram; Shruti Haasan as the heroine; The poster went viral