| Saturday, 14th October 2023, 8:12 pm

ആ രംഗത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായാല്‍ മുഴുവന്‍ ഉത്തരവാദിത്തവും എനിക്ക്, വിജയ് സാറിനല്ല: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോയില്‍ ഒറ്റ ഷോട്ടിലെടുത്ത രംഗത്തെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ആറ് മിനിട്ട് നീണ്ടുനില്‍ക്കുന്ന വിജയ്‌യുടെ ഇമോഷണല്‍ രംഗത്തിന്റെ പേരില്‍ ആരെങ്കിലും വിഷമിച്ചാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന് ലോകേഷ് പറഞ്ഞു. ചിത്രത്തിലൊരിടത്തും വിജയ്‌യുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.

‘ഫൈനല്‍ സ്‌ക്രിപ്റ്റ് കേട്ടത് മുതല്‍ റിലീസ് വരെ ഇത് മാറ്റാമെന്നോ അങ്ങനെ ചെയ്യാമെന്നോ ഒരു രംഗത്തിലും അദ്ദേഹം പറഞ്ഞിട്ടില്ല. ഇത് ഞാന്‍ ചെയ്ത സിനിമ വെച്ച് സത്യം ചെയ്യാം. അതുവരെ വളരെ ആത്മാര്‍ത്ഥതയോടെ നിന്നു. സംവിധായകന്‍ എന്താണോ പറഞ്ഞത് അത് കേട്ടു.

ആറ് മിനിട്ട് നീളുന്ന ഒരു സിംഗിള്‍ ഷോട്ട് ചിത്രത്തിലുണ്ട്. അതിനിടക്ക് ഒരു കട്ടും വരാന്‍ പാടില്ല. നിഷ്‌കളങ്കനായ ഒരു മനുഷ്യന്‍ ദേഷ്യത്തോടെ സംസാരിക്കുന്ന രംഗമാണ്. രാവിലെ വന്ന് അദ്ദേഹം ഇത് വേണോയെന്ന് ചോദിച്ചു. ഞാന്‍ വളരെ നിര്‍ബന്ധിച്ച് ഇത് കഥക്ക് ആവശ്യമാണെന്ന് പറഞ്ഞു. അദ്ദേഹം ഓക്കെ പറഞ്ഞ് അത് ചെയ്തു.

ആ രംഗത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കാണ്. വിജയ് ഇങ്ങനെ ചെയ്തല്ലോ എന്ന് പറഞ്ഞ് ആരെങ്കിലും വിഷമിച്ചാല്‍ അത് അദ്ദേഹത്തിന്റെ കുറ്റമല്ല, എന്റേതാണ്. അത് ഞാന്‍ ഇവിടെ വെച്ച് പറയുകയാണ്,’ ലോകേഷ് കനകരാജ് പറഞ്ഞു.

ലോകവ്യാപകമായി ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററുകളിലെത്തുന്നത്. ഞായറാഴ്ച മുതല്‍ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിങ് ആരംഭിക്കും.

തൃഷയാണ് ലിയോയില്‍ വിജയ്‌യുടെ നായികയാവുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു.എ. സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Lokesh Kanagaraj about the single shot in leo

We use cookies to give you the best possible experience. Learn more