Film News
സാറ് വേണ്ട, അണ്ണനെന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞത് അദ്ദേഹം മാത്രം: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 20, 02:48 am
Thursday, 20th July 2023, 8:18 am

ഒരുപാട് താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്തിട്ടുണ്ടെന്നും അണ്ണനെന്ന് വിളിക്കാന്‍ പറഞ്ഞത് വിജയ് മാത്രമാണെന്നും സംവിധായകന്‍ ലോകേഷ് കനകരാജ്. ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘ദളപതിയെ പറ്റി പറയാന്‍ ഒരുപാടുണ്ട്. ഈ സ്റ്റേജ് അതിന് മതിയാവില്ല. മുമ്പ് പറഞ്ഞിട്ടുള്ളതാണ്. ഒരുപാട് താരങ്ങള്‍ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സാര്‍ എന്നാണ് അവരെയെല്ലാം വിളിച്ചിരുന്നത്. എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അണ്ണനെന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞത് അദ്ദേഹം മാത്രമാണ്. അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുന്നത്,’ ലോകേഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

വിജയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം വ്യത്യസ്തമായിരിക്കുമെന്നും കൈതി പോലെയൊരു ചിത്രമായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു

‘ലിയോയുടെ സെക്കന്‍ഡ് സിംഗിള്‍ വൈകുമെന്ന് വിചാരിക്കുന്നു. സാധാരണ സിനിമകള്‍ക്കുള്ളതുപോലെ ഫസ്റ്റ് സിംഗിളെന്നോ സെക്കന്‍ഡ് സിംഗിള്‍ എന്നോ ലിയോക്കില്ല, ഇത് കൈതി പോലൊരു ചിത്രമാണ്,’ ലോകേഷ് പറഞ്ഞു.

ഏറ്റവും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന ‘നാ റെഡി താന്‍’ എന്ന് തുടങ്ങുന്ന ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രം 2023 ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തും.

Content Highlight: lokesh kanagaraj about the bond with vijay