Movie Day
ഇത്രയും പുഷ് അപ്പോ! കമല്‍ഹാസന്‍ ശരിക്കും എന്നെ ഞെട്ടിച്ചു: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 22, 11:29 am
Sunday, 22nd May 2022, 4:59 pm

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് വിക്രം. കൈതി എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമയെ തന്നെ വേറെ ലെവലില്‍ എത്തിച്ച ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും സൂര്യയും തുടങ്ങി വന്‍താരനിരയില്‍ ഒരുങ്ങുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക.

ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ ലോകേഷ് കനകരാജ് കമല്‍ഹാസനെപ്പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

വിക്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് നടക്കുമ്പോള്‍ രാത്രി 2 മണിക്ക് 26 പുഷ് അപ്പ് കമല്‍ഹാസന്‍ എടുത്തു എന്നാണ് ലോകേഷ് പറയുന്നത്. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് ശരിക്കും ഞെട്ടിച്ചു എന്നും ലോകേഷ് പറയുന്നു.

ലോകേഷിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് വേദി ഏറ്റെടുക്കുന്നത് എന്നും സ്റ്റാര്‍ വിജയ് പുറത്ത് വിട്ട വീഡിയോയില്‍ കാണാന്‍ കഴിയും.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.

എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പി.ആര്‍.ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

വിക്രത്തിന് ശേഷം വിജയുമായി വീണ്ടും ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മാസ്റ്ററാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 അവസാനത്തോടെ ആയിരിക്കും ആരംഭിക്കുക.

Content Highlights:  lokesh kanagaraj about kamal haasan, vikram movie