തമിഴില്‍ ഇപ്പോഴത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. കമല്‍ ഹാസനെ നായകനാക്കി വിക്രമിലൂടെയും, വിജയ്‌യെ നായകനാക്കി ലിയോയിലൂടെയും തുടരെ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റ് നേടിയിരിക്കുകയാണ്. 2017ല്‍ മാനഗരം എന്ന സിനിമയിലൂടെയാണ് ലോകേഷ് സംവിധാനരംഗത്തേക്കെത്തിയത്. 2022ല്‍ വിക്രം എന്ന സിനിമയിലൂടെ തമിഴില്‍ സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ്. 2019ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലെ കഥാപാത്രങ്ങളെ 2022ല്‍ റിലീസായ വിക്രമില്‍ എത്തിച്ചുകൊണ്ടായിരുന്നു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ചത്.
സൗത്ത് ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന കോമിക് കോണ്‍ ഫെസ്റ്റില്‍ പങ്കെടുക്കവേ, ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ എല്‍.സി.യു. വിലെ ഏറ്റവും പ്രധാനകഥാപാത്രത്തെക്കുറിച്ച് ലോകേഷ് സംസാരിച്ചു. ഏത് കഥാപാത്രം ഇല്ലെങ്കിലാണ് എല്‍.സി.യു എന്നത് അസാധ്യമാവുകയാണെന്ന ചോദ്യത്തിന് ലോകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘തീര്‍ച്ചയായും അത് ദില്ലി തന്നെ. കാരണം, കൈതി മുതലാണ് കഥ ശരിക്കും ഇത് ആരംഭിക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അതിന്റെ പ്രീക്വല്‍ മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതിന് ശേഷം വിക്രം സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുമ്പോഴാണ് കൈതിയിലെ കുറച്ചു കഥാപാത്രങ്ങള്‍ ഇതില്‍ വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചത്. അങ്ങനെ അതിനെപ്പറ്റി കമല്‍ സാറിനോട് ചോദിച്ചു. അദ്ദേഹം അതിന് സപ്പോര്‍ട്ട് തന്നു. പിന്നീട് എസ്.ആര്‍ പ്രഭു സാര്‍, ലളിത് കുമാര്‍ എന്നിവരോട് സംസാരിച്ചു. എല്ലാവരുടെയും കൈയില്‍ നിന്ന് എന്‍.ഓ.സി വാങ്ങിയിട്ടാണ് ഈ യൂണിവേഴ്‌സ് ഉണ്ടാക്കിയത്. ഞാന്‍ ഒറ്റക്ക് നോക്കിയിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നു’ ലോകേഷ് പറഞ്ഞു.
കൈതി, വിക്രം, ലിയോ എന്നീ സിനിമകളാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്ന് റിലീസായിട്ടുള്ളത്. കൈതിയുടെ രണ്ടാം ഭാഗമാണ് ഈ യൂണിവേഴ്‌സിലെ അടുത്ത ചിത്രം. ലോകേഷ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രജിനി ചിത്രം കഴിഞ്ഞാല്‍ കൈതി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Content Highlight: Lokesh explains about the base character of LCU