|

'അന്‍ബ് മരിച്ചില്ലേ ? പിന്നെ വീണ്ടും എങ്ങനെ വിക്രമില്‍ വന്നു' ചോദ്യത്തിന് മറുപടിയുമായി ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

വിക്രത്തിലൂടെ ലോകേഷ് തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരിക്കുകയാണ്. തന്റെ തന്നെ മുന്‍ ചിത്രമായ കൈതിയിലെ ഒരുപിടി കഥാപാത്രങ്ങള്‍ വിക്രമിലും വന്നു പോകുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു കഥാപാത്രം തന്നായാണ് കൈതിയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ അന്‍ബ്. അര്‍ജുന്‍ ദാസാണ് അന്‍ബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘ആസ്‌ക്ക് ലോകേഷ്’ എന്ന ഹാഷ്ടാഗില്‍ തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ‘അന്‍ബ് കൈതിയില്‍ തന്നെ മരിച്ചില്ലേ പിന്നെ എങ്ങനെയാണ് വിക്രമില്‍ തിരികെ വന്നത്’ എന്ന ആരാധകന്റെ ചോദ്യം എത്തിയത്. ഇതിന് മറുപടിയെന്നോണമാണ് അന്‍ബെന്ന കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലോകേഷ് വെളിപ്പെടുത്തിയത്.

‘അന്‍ബ് മരിച്ചിട്ടില്ല. അന്‍ബിന്റെ ജോ ലൈന് നെപ്പോളിയന്‍(കൈതിയില്‍ പുതുതായി വരുന്ന പൊലീസ് കഥാപാത്രം) പരിക്ക് ഏല്‍പ്പിച്ചിരുന്നു. ആ പരിക്കിന്റെ മുറിവുകള്‍ വിക്രമില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
അന്‍ബിന്റെ കൂടുതല്‍ കാര്യങ്ങള്‍ കൈതിയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകും’; ലോകേഷ് പറഞ്ഞു. ലോകേഷിന്റെ വെളിപ്പെടുത്തലോട് കൂടി കൈതിയുടെ രണ്ടാം ഭാഗത്തിനയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കമല്‍ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight : Lokesh about Arjun das Character Anbu in vikram and Kaithi