| Friday, 6th February 2015, 3:54 pm

പാറ്റൂര്‍ ഭൂമിയിടപാട്: ലോകായുക്ത വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകായുക്ത തള്ളി. വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ലോകായുക്തയ്ക്ക് സമര്‍ക്കിച്ച വിശദീകരണ റിപ്പോര്‍ട്ടാണ് തള്ളിയിരിക്കുന്നത്.

കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പിന്നെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ട് വേണമെങ്കില്‍ കോടതി ആവശ്യപ്പെടുമെന്നും ലോകായുക്ത വ്യക്തമാക്കി.

ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് അനാവശ്യ റിപ്പോര്‍ട്ടാണെന്നും റിപ്പോര്‍ട്ടിന് എഫ്.ഐ.ആറിന്റെ വിലപോലുമില്ലെന്നും ലോകായുക്ത പറഞ്ഞു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നതിലും ലോകായുക്ത അതൃപ്തി അറിയിച്ചു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും പങ്കുണ്ടെന്നാണ് 24 പേജുള്ള വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ലോകായുക്തയ്ക്ക് വ്യക്തമാക്കിയിരുന്നത്. ഇടപാടില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി ജേക്കബ് തോമസ് ലോകായുക്തയ്ക്ക് കൈമാറിയിരുന്നത്.

മുന്‍ റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള കുറ്റമാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേരള വാട്ടര്‍ ആന്റ് സിവറേജസ് നിയമത്തിന് വിരുദ്ധമായാണ് ഇവര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്നതിനായി റവന്യൂ, ജലവിഭവ വകുപ്പ് ഫയലുകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

ലോകായുക്ത തള്ളിയ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍

>വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പുറമ്പോക്കിലല്ലാത്തതിനാല്‍ മാറ്റിയിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരിവിറക്കിയിരുന്നു. ഇതിന് ആധാരമായിട്ടുള്ള റിപ്പോര്‍ട്ട് നിയമവിരുദ്ധമായി ഉണ്ടാക്കിയതാണ്.

>വാട്ടര്‍ അതോറിട്ടി ഓഫീസിലെ രേഖകള്‍ നശിപ്പിക്കപ്പെട്ടു.

>സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് വ്യക്തമാക്കുന്ന വാട്ടര്‍ അതോറിറ്റിയിലെ രേഖകള്‍ നാലുവര്‍ഷം മുമ്പ് വകുപ്പിലെ ഉന്നതന്‍ കടത്തിക്കൊണ്ട് പോയതായി കാണിച്ച്, വിരമിച്ച ഉദ്യോഗസ്ഥന്‍ ജലവിഭവവകുപ്പ് സെക്രട്ടറി വി.ജെ കുര്യന് അയച്ച കത്ത് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ െ്രെകം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കൃത്യമായ ആശയക്കുഴപ്പം നിലനില്‍ക്കെ കൈയ്യേറ്റം ഒഴിപ്പിക്കാനല്ല “സെറ്റില്‍ “ചെയ്യാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

>വാട്ടര്‍ സപ്‌ളെ ആന്റ് സിവറേജസ് നിയമപ്രകാരം പൈപ്പ് ലൈനിന്റെ സമ്പൂര്‍ണ്ണ അധികാരം വാട്ടര്‍ അതോറിറ്റിക്കാണ്. ഇത് മറികടന്ന് വാട്ടര്‍ അതോറിറ്റി ഫയല്‍ റവന്യു വകുപ്പിന് നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന വിജലന്‍സ് ആവശ്യം നടപ്പാക്കുന്നതിന് പകരം കൂടുതല്‍ പരിശോധനകള്‍ക്കാണ് മുഖ്യമന്ത്രി താല്‍പര്യമെടുത്തത്. ജലവിഭവ വകുപ്പ് മന്ത്രിയേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ഇരുട്ടിലാക്കി മുഖ്യമന്ത്രി തീരുമാനമെടുത്തു. റവന്യു ഫയലില്‍ ഉണ്ടായ നടപടി തീര്‍ത്തും നിയമവിരുദ്ധമെന്ന് ജലവിഭവകുപ്പിന്റെ അഭിപ്രായവും ഉന്നതര്‍ക്കെതിരെയുള്ള തെളിവായി ജേക്കബ് തോമസ് ഹാജരാക്കിയിട്ടുണ്ട്.

>ഉന്നതര്‍ക്കെതിരെ രൂക്ഷപരമാര്‍ശങ്ങളുള്ള ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ലോകായുക്ത എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നില്ല. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.

We use cookies to give you the best possible experience. Learn more