കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നൽകിയ ഹരജി തള്ളി ലോകായുക്ത. ദുരിതാശ്വാസ നിധിയിൽ നിന്ന് മുഖ്യമന്ത്രിക്ക് പണം നൽകാമെന്നും മൂന്ന് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മാത്രം മന്ത്രിസഭയിൽ നിന്ന് അനുമതി വാങ്ങിയാൽ മതിയെന്നും ലോകായുക്ത പറഞ്ഞു.
രാഷ്ട്രീയ തീരുമാനമാണെന്നതിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെനും ലോകയുക്ത വ്യക്തമാക്കി. സിറിയക് ജോസഫ്, ബാബു മാത്യു. പി. ജോസഫ്, ഹാറൂൻ റഷീദ് എന്നിവരുൾപ്പെടുന്ന മൂന്നംഗ ബെഞ്ച് ഒരേസ്വരത്തിൽ ഹരജി തള്ളുകയായിരുന്നു.
എന്നാൽ ക്യാബിനറ്റ് നോട്ടില്ലാതെയാണ് ദുരിതാശ്വാസനിധി വിനിയോഗത്തിൽ നടപടികൾ എന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണങ്ങൾക്ക് തെളിവില്ല എന്നതിനാലാണ് കേസ് തള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തിൽ കഴമ്പുണ്ടെങ്കിലും ക്യാബിനറ്റ് തീരുമാനം നടപ്പാക്കിയതിനാൽ കേസ് നിലനിൽക്കില്ല എന്നായിരുന്നു ഹാറൂൻ റഷീദ് പറഞ്ഞത്. അതേസമയം കേസ് നിലനിക്കുന്നതേ അല്ല എന്നായിരുന്നു ബാബു മാത്യു. പി. ജോസഫിന്റെ നിലപാട്.
രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തിന് മൂന്ന് ലക്ഷം രൂപയിൽ കൂടുതൽ പണം കൈമാറുന്നത് ക്യാബിനറ്റ് തീരുമാനത്തോടെയാണ് എന്ന് ലോകായുക്ത അറിയിച്ചു.
അതേസമയം വിധി പ്രതീക്ഷിച്ചതാണ് എന്നും അപ്പീൽ പോകുമെന്നും പരാതിക്കാരനായ ആർ.എസ്. ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Lokayuktha rejected petition against CM Relief fund