| Thursday, 17th February 2022, 2:25 pm

ലോകായുക്ത ഭേദഗതിയില്‍ ചര്‍ച്ചക്ക് അവസരം ലഭിച്ചില്ല: മന്ത്രിസഭയില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ മന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ മന്ത്രി സഭയില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ മന്ത്രിമാര്‍. ലോകായുക്ത ഭേദഗതിക്ക് മുമ്പ് ചര്‍ച്ചക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ സഭയില്‍ ഉന്നയിച്ചു.

ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ട് വന്നത് ശരിയായില്ലെന്നും സി.പി.ഐ മന്ത്രിമാര്‍ പറഞ്ഞു.

എന്നാല്‍ മന്ത്രിസഭ വിഷയത്തില്‍ നോട്ട് നേരത്തെ നല്‍കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. വിഷയം സി.പി.ഐ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്ന് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

നിയമസഭ ചേരാന്‍ ഒരു മാസം മാത്രം ശേഷിക്കേ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിച്ചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുമ്പ് കേരളം കൊണ്ടുവന്നതാണെന്നും ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ലോകായുക്ത നിയമഭേദഗതിയോട് സി.പി.ഐ ഉയര്‍ത്തുന്ന എതിര്‍പ്പ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇനി നിയമസഭയില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ വരുമ്പോഴേ അവരുമായി ചര്‍ച്ചയുള്ളൂവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ബില്ലില്‍ ഇല്ലാത്തതിനാലാണ് ലോകായുക്താ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. മൂന്ന് ആഴ്ചയിലേറെ ബില്‍ തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നും നിയമവിരുദ്ധമായ ഒന്നും തനിക്ക് ബില്ലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ഗവര്‍ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്നും മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: Lokayuktha Ordinance not allowed to be discussed: CPI ministers protest in cabinet

We use cookies to give you the best possible experience. Learn more