| Thursday, 24th August 2017, 12:00 pm

മന്ത്രി ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. മന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്.

വയനാട് ബാലാവകാശ കമ്മിഷന്‍ അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് കെ. കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിയമസഭയിലും ശക്തമായ പ്രതിപക്ഷ ബഹളം ഉയര്‍ന്നിരുന്നു.

നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ കെ.കെ ശൈലജ രാജിവെക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്. രേഖമൂലമുള്ള ഒരു വിധിയും കോടതി നടത്തിയിട്ടില്ല. നിലവില്‍ കോടതി പരാമര്‍ശം മാത്രമാണുള്ളത് അതിന്റെ പേരില്‍ രാജി വേണ്ടെന്നും പിണറായി സഭയില്‍ പറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയതില്‍ അപാകതയൊന്നുമില്ലെന്നും പിണറായി പറഞ്ഞിരുന്നു.


Read more:  യു.പിയില്‍ പതിനഞ്ചുകാരിയെ ശല്യപ്പെടുത്തിയശേഷം നാട്ടുകാരുടെ മുന്നില്‍ വെച്ച് കൈവെട്ടി


കമ്മീഷനിലെ ആറു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതില്‍ നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് സര്‍ക്കാര്‍ 2017 ജനുവരി 30 വരെ അപേക്ഷാ തീയ്യതി നീട്ടുകയായിരുന്നു. ഇതിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. അപേക്ഷാത്തീയതി നീട്ടാന്‍ മന്ത്രി ഇറക്കിയ ഉത്തരവ് ഉത്തമവിശ്വാസത്തോടെയല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകനായ സുരേഷിനെ നിയമിക്കാനാണ് ഉത്തരവ് നീട്ടിയതെന്നും കോടതി വിലയിരുത്തിയിരുന്നു.
തീയതി നീട്ടി സര്‍ക്കാര്‍ രണ്ടാമതിറക്കിയ വിജ്ഞാപനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Video Stories

We use cookies to give you the best possible experience. Learn more