| Monday, 17th April 2023, 4:36 pm

പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല, പിണറായിയുടെ അല്ല, മുഖ്യമന്ത്രിയുടെ ഇഫ്താറിനാണ് പങ്കെടുത്തത്; ആരോപണങ്ങളില്‍ ലോകായുക്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വാര്‍ത്താക്കുറിപ്പുമായി ലോകായുക്ത. ദുരിതാശ്വാസ നിധി കേസിലെ ഭിന്ന വിധി, പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചെന്ന ആരോപണം, മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് എന്നീ കാര്യങ്ങളില്‍ വിശദീകരണം നല്‍കുന്നതാണ് വാര്‍ത്താക്കുറിപ്പ്. .ഇതാദ്യമായാണ് ലോകായുക്ത ഒരു വിഷയത്തില്‍ വിശദീകരണം നല്‍കി വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത്.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി വിശദീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

‘എന്തുകൊണ്ട് ഭിന്ന വിധി എന്നതില്‍ വിശദീകരണം ആവശ്യമില്ല. നേരത്തെയും ഭിന്ന വിധി വന്നപ്പോള്‍ അത് എന്തുകൊണ്ടെന്ന് വിധിന്യായത്തില്‍ വിശദീകരിച്ചിട്ടില്ല,’ ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചതായി ആരോപിച്ച് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്ന് ലോകായുക്ത പറഞ്ഞു.

‘ദുരാതാശ്വാസ നിധി കേസിലെ പരാതിക്കാരാനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാറിനെ പേപ്പട്ടി എന്നു വിളിച്ചു ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്.

ലോകായുക്ത പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി ലോകായുക്തയുടെ ശിരസ്സില്‍ അണിയിച്ചതാണ്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടിയെന്നത് സത്യമാണ്. അതിനൊക്കെ മറുപടി പറയാത്തത് വിവേകം കൊണ്ടാണെന്ന് പറഞ്ഞു. വിവേകപൂര്‍ണമായ പ്രതികരണത്തിന് ഉദാഹരണവും പറഞ്ഞു.

വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നതു കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നു ലോകായുക്ത ചൂണ്ടിക്കാട്ടി. ആശയം വിശദമാക്കാന്‍ ഒരു ഉദാഹരണം പറഞ്ഞതിനെ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു പറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്‌നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ്,’ ലോകായുക്ത പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തതിനെക്കുറിച്ചും ലോകായുക്ത വിശദീകരിച്ചു.

‘ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്താറിലാണ്. തലസ്ഥാനത്തെ ഔദ്യോഗിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരോടൊപ്പം വിശിഷ്ടാഥിതികളായി ക്ഷണം ലഭിച്ചതുകൊണ്ടാണ് പങ്കെടുത്തത്. ലോകായുക്തയ്‌ക്കൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍, അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍, പിന്നാക്ക വിഭാഗ കമ്മിഷന്‍ എന്നീ മുന്‍ ജഡ്ജിമാരും ഇഫ്താറില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്ന പ്രസ്താവന പച്ചക്കള്ളമാണ്.

ദല്‍ഹിയില്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, നിയമമന്ത്രി, അറ്റോര്‍ണി ജനറല്‍ തുടങ്ങിവരും സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരും വിശേഷാവസരങ്ങളില്‍ നടത്തുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ പങ്കെടുക്കുന്ന പതിവുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കക്ഷികളായിട്ടുള്ള കേസുകള്‍ കോടതിയില്‍ ഉണ്ടെന്നത് അതിന് തടസമായി ആരും കരുതിയിട്ടില്ല. ഒരു ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്‌കാര രഹിതവുമാണ്. ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്,’ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Lokayukta with press release on allegations related to relief fund diversion case

We use cookies to give you the best possible experience. Learn more