അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല; ചെന്നിത്തലയുടെ ഹരജി തള്ളി, മന്ത്രി ആര്‍. ബിന്ദുവിന് അനുകൂലമായി ലോകായുക്ത വിധി
Kerala News
അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല; ചെന്നിത്തലയുടെ ഹരജി തള്ളി, മന്ത്രി ആര്‍. ബിന്ദുവിന് അനുകൂലമായി ലോകായുക്ത വിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th February 2022, 12:04 pm

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ പരാതിയില്‍ ലോകായുക്ത വിധി പറയുന്നു.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല, എന്നാണ് ലോകായുക്ത പറയുന്നത്. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ലെന്നും ആര്‍. ബിന്ദു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും ലോകായുക്ത വിശദീകരിച്ചു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണ് വിധി പറയുന്നത്.

മന്ത്രി ഇത്തരത്തില്‍ നിര്‍ദേശം നല്‍കുമ്പോള്‍ സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ മന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി പുനര്‍നിയമനം ചെയ്തതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് ലോകായുക്ത കടക്കുന്നില്ല. നിലവില്‍ ഈ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളതെന്നും ലോകായുക്ത പറയുന്നു.

മന്ത്രിയുടെ ഇടപെടല്‍ സ്വാഭാവിക നടപടിക്രമം മാത്രമല്ലേ എന്നും ലോകായുക്ത ചോദിച്ചതായാണ് റിപ്പോര്‍ട്ട്.

വിധി പ്രസ്താവം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ആവശ്യപ്പെട്ട് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്കയച്ച കത്ത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണ് എന്ന് കാണിച്ചായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ ഹരജി നല്‍കിയത്.

എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഹരജി തള്ളുന്ന തരത്തിലാണ് ലോകായുക്ത വിധി വന്നുകൊണ്ടിരിക്കുന്നത്.


Content Highlight: Lokayukta verdict in favor of minister R. Bindhu in Kannur VC appointment controversy