കോഴിക്കോട് : വടകരയില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സ്ഥാനാര്‍ത്ഥിയാകും. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകാരം നല്കി.
യോഗത്തില്‍ പി. സതീദേവിയുടേയും മുഹമ്മദ് റിയാസിന്റേയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ജയരാജനെ തീരുമാനിക്കുകയായിരുന്നു.
കോട്ടയത്ത് എന്‍. വാസവനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിര്‍ദേശമുണ്ട്. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് വിട്ടു.
വടകരയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് സെക്രട്ടറി പി. സതീദേവിക്കായിരുന്നു സാധ്യത കല്‍പ്പിച്ചത്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസിന്റെയും പേരുകളും പരിഗണനയിലുണ്ടായിരുന്നു.
ഇന്ന് അതത് മണ്ഡലങ്ങളിലെ പാര്‍ലമെന്ററി കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ചര്‍ച്ചചെയ്തിരുന്നു. അതിനുശേഷം വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയും ചേരും. സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കാനാണ് സാധ്യത. വെള്ളിയാഴ്ച ഇടതുമുന്നണി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിക്കും.
തകര്‍ത്തെന്ന് ഇന്ത്യ അവകാശപ്പെട്ട ജെയ്ഷെ മദ്രസകളെല്ലാം അവിടെത്തന്നെയുണ്ട്: സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റോയിറ്റേഴ്സ്
സിറ്റിങ് എം.പി.മാരില്‍ കാസര്‍കോട്ടെ പി. കരുണാകരനൊഴികെ മറ്റുള്ളവരെ ഉള്‍പ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഏകദേശരൂപമായിയിരുന്നു.
എം.എല്‍.എ.മാരായ എ. പ്രദീപ്കുമാര്‍ കോഴിക്കോട്ടും എ.എം. ആരിഫ് ആലപ്പുഴയിലും മത്സരിക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്.
സിറ്റിങ് എം.പി.മാരായ പി.കെ. ശ്രീമതി (കണ്ണൂര്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍), ജോയ്സ് ജോര്‍ജ് (ഇടുക്കി), എ. സമ്പത്ത് (ആറ്റിങ്ങല്‍) എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടണമെന്നാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.
കഴിഞ്ഞതവണ ജനതാദള്‍(എസ്) മത്സരിച്ച കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. സീറ്റ് സംബന്ധിച്ച് ജെ.ഡി.എസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനുമുണ്ട്. ചാലക്കുടി എം.പി. ഇന്നസെന്റ് ചാലക്കുടിയിലോ എറണാകുളത്തോ മത്സരിച്ചേക്കും. കാസര്‍കോട്ട് പി. കരുണാകരന് പകരം പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന് വരും.
മലപ്പുറത്ത് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനാണ് സാധ്യത കല്‍പ്പിക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്റ് എറണാകുളത്തേക്ക് മാറിയാല്‍ പി. രാജീവ് മത്സരിക്കും. മുന്‍ എം.എല്‍.എ. സാജുപോളിനെയും പരിഗണിക്കുന്നുണ്ട്.
അതേസമയം പൊന്നാനി, പത്തനംതിട്ട സീറ്റുകളില്‍ തീരുമാനമായില്ല. ഘടകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായാലേ വ്യക്തത വരൂ.