ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന മുന്നറിയിപ്പുമായി ലോക് താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എം.പിയുമായ ഹനുമാന്‍ ബെനിവാള്‍. അമിത് ഷായെ അഭിസംബോധന ചെയ്ത് പുറത്തുവിട്ട ട്വീറ്റിലാണ് സഖ്യമുപേക്ഷിക്കുമെന്ന ഭീഷണിയുമായി ബെനിവാള്‍ രംഗത്തെത്തിയത്.
അതേസമയം കര്‍ഷകരുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയല്ലെന്നും അത്രയും ദിവസം കാത്തിരിക്കാതെ എത്രയും പെട്ടെന്ന് അവരുമായി ചര്‍ച്ച നടത്തണമെന്നും ബെനിവാള്‍ പറഞ്ഞു.
‘മിസ്റ്റര്‍ അമിത് ഷാ, രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും എത്രയും പെട്ടെന്ന് തന്നെ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം. അധികം വൈകാതെ തന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും വേണം’, ബെനിവാള്‍ ട്വിറ്ററിലെഴുതി.
അതേസമയം കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സഖ്യമുപേക്ഷിക്കാനും തങ്ങള്‍ മടിക്കില്ലെന്നും ബെനിവാള്‍ പറഞ്ഞു.
‘ആര്‍.എല്‍.പി എന്‍.ഡി.എയുടെ ഭാഗമാണ് ഇപ്പോള്‍. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ ഊര്‍ജം കര്‍ഷകരും ജവാന്‍മാരുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ എന്‍.ഡി.എ സഖ്യത്തില്‍ തുടരണോയെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പുനപരിശോധന നടത്തേണ്ടി വരും’, ബെനിവാള്‍ പറഞ്ഞു.
രാജസ്ഥാനിലെ ജാട്ട് വിഭാഗത്തിന്റെ ശക്തമായ പിന്തുണയുള്ള പാര്‍ട്ടിയാണ് ആര്‍.എല്‍.പി. കഴിഞ്ഞ രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ഇവര്‍ സഖ്യത്തിലേര്‍പ്പെട്ടിരുന്നു.
അതേസമയം കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുമ്പോള്‍ അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
എന്നാല്‍ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസംബര്‍ മുന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക