ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അടുത്ത ആഴ്ച ചര്‍ച്ചയാകും. ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലായിരിക്കും പ്രധാനമായും ചര്‍ച്ച. 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുകയും ചെയ്യും. ലോക്സഭയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ചാണ് കോണ്‍ഗ്രസിന്റെ നോട്ടീസ്.
ഇതുകൂടാതെ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസും(ഭാരത് രാഷ്ട്ര സമിതി) അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാലിതിന് അനുമതി ലഭിച്ചിട്ടില്ല. ഇതോടെ ഇന്ത്യാ സഖ്യത്തിന്റെ പ്രമേയം ബി.ആര്‍.എസ് പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ബി.ജെ.ഡിയും ഇതുവരെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിലപാട് അറിയിച്ചിട്ടില്ല.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ ഇന്നും ഇരു സഭയിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ നടപടകള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. പാലമെന്റ് സമ്മേളനം തുടങ്ങിയത് മുതല്‍ തന്നെ ഇരുസഭകളിലും പ്രതിക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു.