ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300 ല്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് താന്‍ മുന്‍പ് പറഞ്ഞപ്പോള്‍ എല്ലാവരും പരിഹസിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അഹമ്മദാബാദിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
‘ഈ തെരഞ്ഞെടുപ്പില്‍ ഒരുപാട് പ്രഗത്ഭര്‍ തോറ്റു. ആറാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു നമുക്ക് 300 ല്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന്. അപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. ജനങ്ങള്‍ ശക്തമായ ഒരു സര്‍ക്കാരിനെയാണ് തെരഞ്ഞെടുക്കാന്‍ പോകുന്നതെന്ന് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രകടമായിരുന്നു.’ മോദി പറഞ്ഞു.
ലോകത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് നിര്‍ണ്ണയിക്കുന്നതാണ് അടുത്ത അഞ്ച് വര്‍ഷമെന്നും മോദി പറഞ്ഞു.
‘1942 മുതല്‍ 1947 വരെയുള്ള കാലഘട്ടം മുതല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അടുത്ത അഞ്ച് വര്‍ഷം. ‘ മോദി പറഞ്ഞു.
ബി.ജെ.പിയുടെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തനിക്ക് അമ്മയുടെ അനുഗ്രഹവും ഉണ്ടായിരുന്നെന്ന് കൂടി മോദി കൂട്ടി ചേര്‍ത്തു.
ഗൂജറാത്തിലെ സൂറത്തില്‍ ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ 23 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി.