ന്യൂദൽഹി: രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം തുടരുമോ എന്ന് തീരുമാനിക്കുന്നതിൽ നിർണായകമാണ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കഴിഞ്ഞ 10 വർഷവും ജനാധിപത്യത്തിന്റെ മൗലിക സ്തംഭങ്ങൾ ആക്രമിക്കപ്പെട്ടതാണ് കാണേണ്ടി വന്നത് എന്നും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം ജനകീയത കൈവരിക്കുന്നുണ്ടെന്നും എന്നാൽ എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കുമോ എന്നത് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നമ്മുടെ മതേതര ജനാധിപത്യ സ്വഭാവം നമ്മൾ തുടർന്നുപോരുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പ് തീരുമാനിക്കും. കഴിഞ്ഞ 10 വർഷവും ഗുരുതരമായ ശോഷണം സംഭവിച്ചിട്ടുണ്ട്. ഞാനതിനെ ജനാധിപത്യ മൂല്യങ്ങൾക്ക് നേരെയും ഭരണഘടനയിലെ മൗലിക സ്തംഭങ്ങൾക്കെതിരെയുമുള്ള ആക്രമണം എന്ന് പറയും.
മതേതര ജനാധിപത്യമാണ് ഒരു സ്തംഭം. സാമ്പത്തിക പരമാധികാരം, സാമൂഹ്യ നീതി, ഫെഡറലിസം എന്നിവയാണ് മറ്റുള്ളവ.
നമ്മൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കുമോ? അല്ലെങ്കിൽ കൂടുതൽ ശോഷണം സംഭവിക്കാൻ വിട്ടുനൽകുമോ? അതുകൊണ്ടാണ് നിലവിലെ അവസ്ഥയിൽ തെരഞ്ഞെടുപ്പ് വളരെയധികം പ്രാധാന്യം അർഹിക്കുന്നത്,’ യെച്ചൂരി പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും കാത്തുസൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
2023 ജൂൺ 18ന് പാട്നയിൽ വെച്ചാണ് 40 പ്രതിപക്ഷ പാർട്ടികളുമായി ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടത്. ബീഹാറിലെ ജെ.ഡി.യുവും ഉത്തർപ്രദേശിലെ ആർ.എൽ.ഡിയും സഖ്യം ഉപേക്ഷിച്ചതും സീറ്റ് വിഭജന ചർച്ചകളിൽ കാലതാമസവും മുന്നണിക്ക് തിരിച്ചടിയായി.
അതേസമയം സീറ്റ് വിഭജന ചർച്ചകൾ പോസിറ്റീവ് ദിശയിലാണ് പോകുന്നതെന്നും ഉടൻ അവസാനിക്കുമെന്നും യെച്ചൂരി അറിയിച്ചു.
Content Highlight: Lok Sabha polls crucial for India’s democracy: Sitaram Yechury