| Monday, 25th March 2019, 11:04 pm

തെലങ്കാനയില്‍ ഒറ്റ സീറ്റിലും മത്സരിക്കാതെ ടി.ഡി.പി; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസിന് പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി)യുടെ തീരുമാനം. ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്നാണ് ടി.ഡി.പിയുടെ തീരുമാനം. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും തെലുങ്കാനയിലെ ടിഡിപി നേതൃത്വം അറിയിച്ചു.

തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടി.ഡി.പിയുടെ തീരുമാനം. 1982 ല്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

Read Also : ജസീന്റ ആര്‍ഡണും ന്യൂസിലാന്‍ഡ് ജനതയ്ക്കും വേണ്ടി ചേരമാന്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥന

തെരഞ്ഞെടുപ്പില്‍ ടി.ഡി.പി മല്‍സരിക്കുന്നതോടെ വോട്ടുകള്‍ ഭിന്നിക്കുകയും തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസ്, ബി.ജെ.പി എന്നിവയ്ക്ക് സഹായമാവുകയും ചെയ്യും എന്ന വിലയിരുത്തലിലാണ് മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ടി.ഡി.പിയെ പ്രേരിപ്പിച്ചതെന്നാണ് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, തെലങ്കാന ടി.ഡി.പിയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കൊഴിഞ്ഞ് പോക്കിന്റെ പശ്ചാത്തില്‍ കൂടിയാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പാര്‍ട്ടി വിട്ട് ടി.ഡി.പി പോളിറ്റ് ബ്യൂറോ അംഗം നമ നാഗേശ്വര റാവുവാണ് ഇത്തവണം ഖമ്മാം മണ്ഡലത്തിലെ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥി.

ഏപ്രില്‍ 11 ന് തെരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014-ല്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസിനും ടി.ഡി.പിക്കും അവിടെ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

കോണ്‍ഗ്രസ്, സി.പി.ഐ, തെലങ്കാന ജന സമിതി എന്നിവയുടെ സഖ്യത്തിലായിരുന്നു തെലങ്കാനയില്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പി മല്‍സരിച്ചത്. 19 സീറ്റുകളാണ് സഖ്യം ആകെ സ്വന്തമാക്കിയത്. ടി.ഡി.പി രണ്ടും കോണ്‍ഗ്രസ് 17 സീറ്റുകളിലും വിജയം നേടിയപ്പോള്‍ സി.പി.ഐ, തെലങ്കാന ജന സമിതി പാര്‍ട്ടികള്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി. 17 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

We use cookies to give you the best possible experience. Learn more