ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13ന് ശേഷം
India
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13ന് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 10:59 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് 13ന് ശേഷമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ തെരഞ്ഞെടുപ്പിന് വേണ്ട തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയാണ്.

ഇത് മാര്‍ച്ച് 13 വരെ തുടരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് തീയതി സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പ്രഖ്യാപിക്കുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാനങ്ങളില്‍ അവലോകന യോഗം നടത്തി വരുന്ന തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങള്‍ നിലവില്‍ തമിഴ്‌നാട്ടിലാണ് സന്ദര്‍ശനം തുടരുന്നത്. അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം അവര്‍ കശ്മീരിലേക്കും ഉത്തര്‍പ്രദേശിലേക്കുമാണ് പോകുക.

2019ലെ ലേക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് 10നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 11ന് തുടങ്ങി മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. മേയ് 23നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത്.

2014ല്‍ മാര്‍ച്ച് അഞ്ചിനാണ് പ്രഖ്യാപനം നടന്നത്. ഏപ്രില്‍ എഴ് മുതല്‍ 12 വരെ ഒമ്പത് ഘട്ടങ്ങളിലായാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 97 കോടിയോളം ജനങ്ങള്‍ക്കാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരേ സമയങ്ങളിലായിരിക്കും നടക്കുക.

Contant Highlight: Lok Sabha poll schedule likely to be announced after March 13