| Wednesday, 20th September 2023, 11:59 pm

454 പേര്‍ അനുകൂലിച്ചു; വനിത സംവരണ ബില്ലിനെ എതിര്‍ത്ത രണ്ട് എം.പിമാര്‍ ആരൊക്കെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനായുള്ള വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. 454 എംപിമാര്‍ ‘നാരിശക്തി വന്ദന്‍ അധിനിയം’ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
രണ്ട് പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തവരുടെ ഔദ്യോഗികമായ വിവരങ്ങള്‍ നിലവില്‍ പുറത്തുവന്നിട്ടില്ല.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്ത് ഓള്‍ ഇന്ത്യ മജ്ലിസ്ഇത്തിഹാദുല്‍ മുസ്‌ലിമിന്റെ (എ.ഐ.എം.ഐ.എം) അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി ലോക് സഭയില്‍ സംസാരിച്ചിരുന്നു.

അതുകൊണ്ടുതന്നെ അസദുദ്ദീന്‍ ഒവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റൊരു എം.പിയായ ഇംതിയാസ് ജലീലും ബുധനാഴ്ച ലോക്സഭയില്‍ വനിതാ സംവരണ ബില്ലിനെതിരെ വോട്ട് ചെയ്തുവെന്നാണ് വിവിധ ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണു ബില്ലിനെ എതിര്‍ത്ത് ഉവൈസി രംഗത്തെത്തിയത്. സവര്‍ണ സ്ത്രീകള്‍ക്ക് മാത്രമേ ബില്ലിന്റെ ഗുണം ലഭിക്കുവെന്നായിരുന്നു ഉവൈസി പറഞ്ഞുരുന്നത്. പാര്‍ലമെന്റില്‍ വളരെ കുറവു പ്രാതിനിധ്യം മാത്രമുള്ള ഒ.ബി.സി, മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നല്‍കാത്തതെന്നും ഉവൈസി പറഞ്ഞിരുന്നു.

മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് നേരേ പാര്‍ലമെന്റിന്റെ വാതില്‍ കൊട്ടിയടക്കുകയാണെന്നും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് വനിതാ ബില്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.


Content Highlight: Lok Sabha passes Women’s Reservation Bill to provide 33 per cent reservation for women in Lok Sabha and Legislative Assemblies

Latest Stories

We use cookies to give you the best possible experience. Learn more