| Wednesday, 20th December 2023, 8:39 pm

പുതിയ മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകള്‍ക്ക് അംഗീകാരം; സസ്പെന്റ് ചെയ്യപ്പെട്ട എം.പിമാരുടെ അഭാവത്തില്‍ ബില്ലുകള്‍ പാസാക്കി ലോക്‌സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാർലമെന്റിൽ നിന്ന് 143 പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്തതിന് പിന്നാലെ മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ പാസാക്കി ലോക്‌സഭ. ഇന്ത്യന്‍ ശിക്ഷാ നിയമം 1860, സി.ആര്‍.പി.സി (ക്രിമിനല്‍ നടപടിച്ചട്ടം) 1973, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ തുടങ്ങിയവക്കാണ് ലോക്‌സഭാ അംഗീകാരം നല്‍കിയിരിക്കുന്നത്.

ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ പുതിയ മൂന്ന് ബില്ലുകളും മനുഷ്യ കേന്ദ്രീകൃത സമീപനത്തോടെ പ്രവര്‍ത്തിക്കുമെന്നും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പിഴ ചുമത്തുന്നതിന് പകരം നീതി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശീതകാല സമ്മേളനത്തില്‍ പറഞ്ഞു.

പുതിയ നിയമത്തില്‍ തീവ്രവാദത്തിന് കൃത്യമായ നിര്‍വചനം നല്‍കുമെന്നും രാജ്യദ്രോഹം ഒരു കുറ്റകൃത്യമെന്ന വകുപ്പില്‍ മാറ്റങ്ങള്‍ വരുത്തി ‘രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്ന പേരില്‍ ഒരു പുതിയ വകുപ്പ് അവതരിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അമിത് ഷാ ഉന്നയിച്ചു.

ആദ്യമായാണ് ക്രിമിനല്‍ നിയമത്തിന് ഇന്ത്യയില്‍ മനുഷ്യസ്പര്‍ശം ഉണ്ടാവുന്നതെന്ന് ഷാ സമ്മേളനത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യ ബ്രിട്ടീഷ് നിയമ വ്യവസ്ഥകളും ഹെര്‍ മജസ്റ്റി, ബ്രിട്ടീഷ് കിങ്ഡം, ക്രൗണ്‍, ബാരിസ്റ്റര്‍, റൂളര്‍ തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിക്കുന്നതെന്നും ഷാ പറയുകയുണ്ടായി.

‘പുതിയ ബില്ലുകള്‍ പ്രകാരം കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴ് ദിവസത്തെ സമയം ലഭിക്കും. ആ ഏഴ് ദിവസത്തിനുള്ളില്‍ ജഡ്ജി കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കണം. പരമാവധി 120 ദിവസത്തിനുള്ളില്‍ കേസില്‍ വിചാരണ നടക്കും. വാദത്തിന് സമയപരിധി കൊണ്ടുവരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷ കുറവായിരിക്കും. വിചാരണ വേളയില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ല. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കണമെന്നത് നിര്‍ബന്ധമാക്കും,’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ ബില്ലുകളുടെ വിശദാംശം.

കോടതി വിധികളില്‍ കാലതാമസം ഉണ്ടാവുന്നത് പൊലീസ് നീതി ന്യായവ്യവസ്ഥയുടെ പോരായ്മയാണെന്നും അമിത് ഷാ ആരോപിച്ചു.

Content Highlight: Lok Sabha passes three new Criminal Law Bills

We use cookies to give you the best possible experience. Learn more