[]ന്യൂദല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി. സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയ ബില്ലിനെ എഐഎഡിഎംകെ ഒഴികെയുള്ള മുഴുവന്‍ കക്ഷികളും പിന്താങ്ങി.[]
ഏതാണ്ട് എട്ടര മണിക്കൂറോളം നീണ്ട ദീര്‍ഘമായ നടപടിക്രമങ്ങള്‍ക്ക ശേഷമാണ് ബില്‍ സര്‍ക്കാര്‍ പാസ്സാക്കി എടുത്തത്. രാജ്യത്തെ 70 ശതമാനം പേര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതാണ് ബില്‍. ഇതോടെ രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത അവകാശമായി മാറും.
അര്‍ഹരായവര്‍ക്ക കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതാണ് പദ്ധതി. 75 ശതമാനം ഗ്രാമീണര്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യം ലഭിക്കും. അര്‍ഹരായവര്‍ക്ക് മൂന്നു രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്ക് ഗോതമ്പും വിതരണം ചെയ്യുന്ന രീതിയിലാണ് ബില്‍ നിയമമാകുന്നത്.
നഗരങ്ങളിലെ 50 ശതമാനം ദരിദ്രര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.
ഏറെക്കുറേ ഐകകണ്‌ഠ്യേനയാണ് ബില്‍ പാസാക്കിയതെന്ന് ബില്‍ അവതരിപ്പിച്ച ഭക്ഷ്യമന്ത്രി കെ.വി. തോമസ് പ്രതികരിച്ചു. ബില്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും ,പദ്ധതി എത്രയും വേഗം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്മേല്‍ ഏകദേശം നൂറോളം ഭേദഗതി നിര്‍ദ്ദേശങ്ങളാണ് വന്നത്. എന്നാല്‍ പത്തോളം ഭേദഗതികള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പ്രതിപക്ഷ ഭേദഗതികള്‍ പൂര്‍ണ്ണമായും തള്ളി
ഒട്ടേറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ലോക് സഭയില്‍ ബില്ല് പാസ്സായത്. പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി ഭരണപക്ഷാംഗങ്ങള്‍ അബദ്ധത്തില്‍ വോട്ടു ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചത്. എന്തു ചെയ്യണമെന്നറിയാതെ സ്പീക്കര്‍ കുഴങ്ങിയതിനെ തുടര്‍ന്ന് അര മണിക്കൂറോളം സഭ തടസപ്പെട്ടു.
വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന സ്പീക്കറുടെ നിര്‍ദേശം ആദ്യം പ്രതിപക്ഷം തള്ളി. സുഷമാ സ്വരാജ് കൊണ്ടുവന്ന ഭേദഗതിക്ക് അനുകൂലമായാണ് ഭരണപക്ഷം വോട്ട് ചെയ്തത്. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് നേരിട്ട് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനോട് ചര്‍ച്ച നടത്തിയതിനു ശേഷമാണ് പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയാറായത്.
ബില്ലിന്മേല്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ഗാന്ധിയും സോണിയയെ അനുഗമിച്ചു. രണ്ട് പേരുടെയും അഭാവത്തിലാണ് ബില്‍ സഭയില്‍ പാസ്സായത്.
യു.പി.എ.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഭക്ഷ്യസുരക്ഷാബില്ലിന്റെ കാര്യത്തില്‍ സോണിയാഗാന്ധി പ്രത്യേകതാത്പര്യമെടുത്തിരുന്നു. രാജീവ്ഗാന്ധിയുടെ ജന്മദിനത്തില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, വിവിധ അഴിമതിയാരോപണങ്ങളെ ചൊല്ലി സഭയില്‍ നട ബഹളം കാരണം ഇത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്താനും സര്‍ക്കാറിന് കഴിഞ്ഞില്ല.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ ആദ്യവര്‍ഷമായ 2014 ല്‍ 1.25 ലക്ഷം കോടി രൂപ ചെലവാണ് കണക്കാക്കുത്. ഭക്ഷ്യ സബ്‌സിഡിയിനത്തില്‍ വരുന്ന അധികച്ചെലവ് 23,800 കോടിരൂപയുടേതാണ്. അരി, ഗോതമ്പ് , മറ്റ് ധാന്യങ്ങള്‍ ഇവ കിലോയ്ക്ക് 3, 2, 1 രൂപനിരക്കിലായിരിക്കും നല്‍കുക.