| Tuesday, 15th July 2014, 12:10 pm

ഹാഫിസ് സയിദുമായി കൂടിക്കാഴ്ച്ച: സഭയില്‍ ഇന്നും ബഹളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ വേദ് പ്രതാപ് വൈദിക് ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് സയിദുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വൈദികിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്‍ സ്വന്തം നിലക്കാണ് സയീദുമായി കൂടിക്കാഴ്ച നടത്തിയതെന്നും വിഷയത്തില്‍ സര്‍ക്കാരിനോ ബി.ജെ.പിക്കോ ബന്ധമില്ലെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. വൈദികിന്റെ കൂടിക്കാഴ്ച സംബന്ധിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് സഭയില്‍ പ്രസ്താവന നടത്തും.

കൂടിക്കാഴ്ചയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ രാജ്യസഭ രണ്ടു തവണ സ്തംഭിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗും ആനന്ദ് ശര്‍മ്മയുമാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. വേദ് പ്രതാപ് ആര്‍. എസ്.എസുകാരനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം ആരുടെയും ദൂതനായല്ല ഹാഫീസ് സയിദുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വേദ് പ്രതാവ് വൈദിക് പ്രതികരിച്ചു. മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സയിദുമായി കൂടിക്കാഴ്ച നടത്തിയത്. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായും നേപ്പാളിലെ മാവോയിസ്റ്റുകളുമായും  കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വേദ് പ്രതാപ് പറഞ്ഞു.

പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിപാടിയുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ലാഹോറില്‍ വെച്ച് ജൂലായ് രണ്ടിന് വേദ് പ്രതാപും ഹാഫിസ് സയിദുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ബി.ജെ.പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

We use cookies to give you the best possible experience. Learn more