ന്യൂദൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിലെ 80ൽ എട്ട് സീറ്റുകളിൽ ഇന്ന് പോളിങ് നടക്കും.
സഹാറൺപൂർ, ഗാസിയാബാദ്, ഖൈറാന, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗർ എന്നിവയാണ് പ്രധാന മണ്ഡലങ്ങൾ. മായാവതി, അഖിലേഷ് യാദവ്, അജിത് സിംഗ് ത്രയമാണ് ഇവിടെ ബി.ജെ.പിയെ എതിരിടുന്നത്. സഖ്യമില്ലാതെ കോൺഗ്രസ് ഇവിടെ ഒറ്റക്കാണ് മത്സരിക്കുന്നത്.
പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിൻ ഗഡ്കരി(നാഗ്പൂർ), കിരൺ റിജിജു(വടക്കൻ അരുണാചൽ), ജനറൽ വി.കെ. സിംഗ്(ഗാസിയാബാദ്), സത്യപാൽ സിംഗ്(ബാൽഘട്ട്), മഹേഷ് ശർമ്മ( ഗൗതം ബുദ്ധ നഗർ), ആർ.ജെ.ഡി. തലവൻ അജിത് സിങ്ങും മകൻ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.