ലോക്സഭാ തെരഞ്ഞെടുപ്പ്; ജനവിധി കാത്ത് രാജ്യം
Loksabha Election Result 2024
ലോക്സഭാ തെരഞ്ഞെടുപ്പ്; ജനവിധി കാത്ത് രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 7:36 am

ന്യൂദല്‍ഹി: ഏഴ് ഘട്ടങ്ങളായി രണ്ടര മാസത്തിലധികം നീണ്ടു നിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊടുവില്‍ രാജ്യത്തിന്റെ ജനവിധി എന്താണെന്ന് ഇന്നറിയാം. രാജ്യത്താകെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍ എന്താണെന്ന് അറിയാം.

മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. എല്ലാ എക്‌സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എയുടെ വിജയം പ്രവചിച്ചപ്പോള്‍ 295 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഇന്ത്യാ മുന്നണി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

അതിനിടെ, എല്ലാ ബൂത്തുകളിലും കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു വിധത്തിലുള്ള അട്ടിമറികളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇന്ത്യ മുന്നണിയുടെ എല്ലാ നേതാക്കളോടും ദല്‍ഹിയിലെത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ച രാവിലെയോ ദല്‍ഹിയില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

അവരവരുടെ സംസ്ഥാനങ്ങളിലെ വോട്ട് എണ്ണിയതിന് ശേഷം വൈകീട്ടോടെ ദല്‍ഹിയിലെത്താനാണ് നിര്‍ദേശം. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുറന്ന കത്തുമായി എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്തെത്തിയിരുന്നു. ആരെയും ഭയപ്പെടരുതെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങരുതെന്നും കത്തില്‍ പറയുന്നു. ഏകാധിപത്യ പ്രവണതകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്യോഗസ്ഥര്‍ക്ക് എഴുതിയ കത്തിലുണ്ട്.

Content Highlight: Lok Sabha Elections; The country is waiting for the verdict