ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഒരുമിച്ച് മത്സരിക്കാൻ ധാരണയിലെത്തി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും.
ഇരു പാർട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഉത്തർപ്രദേശിൽ എസ്.പി 63 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും മത്സരിക്കുവാൻ ധാരണയായെന്ന് അറിയിച്ചു.
മധ്യപ്രദേശിൽ ഖജൂറോ മണ്ഡലത്തിൽ എസ്.പി മത്സരിക്കും. ബാക്കി 28 സീറ്റുകളിലും കോൺഗ്രസ് തന്നെ മത്സരിക്കും.
ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമയാണ് ഒരു സംസ്ഥാനത്തെ സീറ്റ് വിഭജനത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്.
‘ഞങ്ങൾ ഒരുമിച്ച് മത്സരിക്കുക മാത്രമല്ല, ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ചെയ്യും,’ കോൺഗ്രസിന്റെ യു.പി ഇൻ ചാർജ് അവിനാശ് പാണ്ഡെ പറഞ്ഞു.
‘2014ൽ ബി.ജെ.പി അധികാരത്തിലെത്തിയത് യു.പിയിലൂടെയാണ്. ഇപ്പോൾ 2014ൽ എസ്.പി, കോൺഗ്രസ്, ഇന്ത്യ മുന്നണി വഴി യു.പിയിലൂടെ തന്നെ അവരെ പുറത്താക്കും,’ എസ്.പിയുടെ രാജേന്ദ്ര ചൗധരി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 62ലും ബി.ജെ.പിയാണ്. ഇന്ത്യ മുന്നണി വിട്ട് ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് രാഷ്ട്രീയ ലോക് ദൾ സൂചന നൽകിയതിന് പിന്നാലെയാണ് സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നത്.
റായ് ബറേലി, അമേഠി, വാരണാസി, കാൻപൂർ സിറ്റി, ഫത്തേപൂർ സിഖ്‌രി, ബൻസ്ഗാവ്, സഹറാൻപൂർ, പ്രയാഗ്‌രാജ്, മഹാരാജ്ഗഞ്ച്, അംരോഹ, ഝാൻസി, ബുലന്ദ്ശഹർ, ഗാസിയാബാദ്, മഥുര, സീതാപൂർ, ബരാബൻകി, ദരിയ എന്നിവിടങ്ങളിലാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുക.
ഈ 17 സീറ്റുകളിൽ നിലവിൽ റായ് ബറേലി മാത്രമാണ് കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. സോണിയ ഗാന്ധിയുടെ മണ്ഡലമാണിത്. അതേസമയം ഇനി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2019ൽ ബി.എസ്.പിക്കൊപ്പം നിന്ന് മത്സരിച്ച എസ്.പി യു.പിയിൽ അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.
ഇതിനകം 31 മണ്ഡലങ്ങളിൽ എസ്.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വാരണാസിയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്നും എസ്.പി അറിയിച്ചു.
ഫെബ്രുവരി 21ന് പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ ചർച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം അന്തിമമായത്.
CONTENT HIGHLIGHT: Lok Sabha elections: SP, Congress seal UP seat share pact